കോട്ടയം : ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ കൺവെൻഷൻ ഡിസംബർ ഒന്ന് ഞായറാഴ്ച മാമ്മൻ മാപ്പിള ഹാളിൽ നടക്കും.ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് ആണ് കൺവെൻഷൻ നടത്തപ്പെടുന്നത്. അതിന്റെ ഭാഗമായുള്ള പത്രസമ്മേളനം കോട്ടയം പ്രസ് ക്ലബ്ബിൽ ഇന്ന് നടന്നു. പത്രസമ്മേളനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ : ക്നാനായ അതിരൂപതാ നേതൃത്വത്തിൻ്റെ പ്രവൃത്തികൾ, യാതൊരുവിധ മനം മാറ്റവും ഇല്ലാതെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല, നമ്മുടെ ഗോത്ര പിതാവിനെ തന്നെ അസാന്മാർഗിയായി ചിത്രീകരിച്ചുകൊണ്ട്; തെറ്റായ/കൃത്രിമ രേഖകൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, നമ്മുടെ നാശത്തിനുവേണ്ടി നമ്മുടെ മെത്രാൻതന്നെ മുന്നിട്ടു നിൽക്കുന്നതും, അതിനു കൂട്ടായി കുറെ വൈദികരും അല്മായ സംഘടനാ നേതാക്കളും അണിനിരക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
നമ്മുടെ സമുദായത്തിലെ സ്ത്രീകളുടെ അന്തസ്സിനെ താഴ്ത്തി കാണിക്കുന്ന നിയമാവലിയും രൂപതയുടെ ചില വൈദികരുടെ നേതൃത്വത്തിലുള്ള കള്ള ചരിത്ര നിർമ്മാണങ്ങളും മീഡിയ കമ്മീഷനിലൂടെയും അപ്നാദേശിലൂടെയുമുള്ള കള്ളപ്രചരണങ്ങളും നേർച്ചപ്പണം കൊണ്ട് റോമിൽ പോയി കറങ്ങി നടന്നിട്ട് നമ്മളെ പറ്റിക്കുന്ന അല്മായ സംഘടനാ നേതൃത്വത്തിൻ്റെ കള്ളപ്രസ്താവനകളും നമ്മുടെ സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ പ്രത്യേകിച്ചും വരാനിരിക്കുന്ന കോടതി വിധികളെയും ബാധിച്ചിരിക്കുന്ന അവസ്ഥയിൽ, നമുക്ക് ഒത്തുചേരാം.പ്രവാസികൾക്ക് വിശുദ്ധ കുർബാനയും വേദപാഠവും നിഷേധിക്കുന്ന, നിരപരാധികളെ കള്ളക്കേസിൽ പ്രതിയാക്കുന്ന, ഒക്ടോബർ 13-ന് നടത്താനിരുന്ന സമുദായ സംരക്ഷണ റാലി രാഷ്ട്രീയ സ്വാധീനത്തിലൂടെ കള്ള പരാതി നൽകി നിരോധിച്ച അതിരൂപതാ നേതൃത്വത്തിനെതിരെ, ദൈവനാമത്തിൽ അൽമായരെ വഞ്ചിക്കുന്ന/ ശിക്ഷിക്കുന്ന രൂപതാ നേതൃത്വത്തിനെതിരെ ഉള്ള പ്രതിഷേധമാണ് ഞായറാഴ്ച നടത്തപ്പെടുന്നത്.