കോട്ടയം: ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിച്ച് ചങ്ങനാശേരി താലൂക്ക് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും വിനോദയാത്രപോയി. പ്രവർത്തി ദിവസമാണ് ആശുപത്രിയിൽ നിന്നും 15 പേർ വിനോദയാത്ര പോയത്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അടങ്ങുന്ന സംഘമാണ് പ്രവർത്തി ദിവസം തന്നെ വിനോദയാത്ര പോയത്. ഇന്നു രാവിലെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ രോഗികളാണ് ഡോക്ടർമാർ അടങ്ങുന്ന സംഘം വിനോദയാത്ര പോയതായി അറിഞ്ഞത്. തുടർന്ന്, ഇവർ പ്രതിഷേധം ഉയർത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല.
ഇന്നു രാവിലെ എട്ടു മണി മുതലാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ പ്രവർത്തിപ്പിക്കേണ്ടത്. എന്നാൽ, രാവിലെ എട്ടു മുതൽ ആശുപത്രിയിൽ രോഗികൾ എത്തി ക്യൂ നിന്നിട്ടും പല ഡോക്ടർമാരും ജീവനക്കാരും എത്തിയില്ല. ഇതേ തുടർന്നു രോഗികൾ അന്വേഷിച്ചപ്പോഴാണ് ഡോക്ടർമാരും ജീവനക്കാരും അടങ്ങുന്ന 15 അംഗ സംഘം വിനോദയാത്രയിലാണ് എന്ന വിവരം ലഭിച്ചത്. തുടർന്ന്, രോഗികളിൽ പലരും മടങ്ങിപ്പോകുകയായിരുന്നു. ഈ 15 പേരെ കൂടാതെ പലരും അവധിയിലുമായിരുന്നു. ഇതോടെയാണ് ആശുപത്രിയുടെ പ്രവർത്തനം പൂർണമായും താളം തെറ്റുന്ന സാഹചര്യമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലാം വാർഡിലെ ഡോക്ടറും ജീവനക്കാരുമാണ് കൊല്ലം സാമ്പ്രാണിക്കൊടിയിലേയ്ക്കു വിനോദയാത്ര പോയത്. നേരത്തെ ആശുപത്രിയിലെ സ്റ്റാഫ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗമായി ആശുപത്രിയിലെ ജീവനക്കാർ തിരിഞ്ഞിരുന്നു. ഇതിൽ ഒരു വിഭാഗത്തിന് മുൻപ് വിനോദയാത്ര നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ടാമത്തെ വിഭാഗത്തിന് വിനോദയാത്രയ്ക്ക് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് അനുമതി നൽകിയില്ല. ഇതേ തുടർന്ന് ഈ ജീവനക്കാർ ഒന്നിച്ച് അവധിയെടുത്ത് വിനോദയാത്ര പോകുകയായിരുന്നുവെന്നാണ് വിവരം.
അവധി ദിവസമല്ലാതിരുന്നിട്ട് കൂടി ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ജീവനക്കാരും ഡോക്ടർമാരും ഇത്തരത്തിൽ നിരുത്തരവാദപരമായാണ് പ്രവർത്തിച്ചത് എന്ന വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ ഔദ്യോഗിക വിശദീകരണം തേടി അധികൃതരെ ജാഗ്രത ന്യൂസ് ലൈവ് സംഘം ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകാൻ ആരും തയ്യാറായിട്ടില്ല. വിനോദയാത്ര പോയ സംഘം അവധി രേഖപ്പെടുത്താതെയാണ് പോയത് എന്നും വിവരമുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ വിഷയങ്ങളിലെല്ലാം ഔദ്യോഗിക വിശദീകരണം തേടിയെങ്കിലും ആരും മറുപടി നൽകാൻ തയ്യാറായിട്ടില്ല.