കണ്ണൂർ: ആഭ്യന്തരകലഹം തുടരുന്ന ബിജെപി കേരള ഘടകത്തില്‍ പാർട്ടി അധ്യക്ഷ പദവിക്കായി അണിയറ നീക്കങ്ങള്‍ തുടങ്ങി.പാലക്കാട്ടെ വോട്ടു ചോർച്ചയുടെ പേരില്‍ ഏറെ വിമർശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന കെ. സുരേന്ദ്രൻ രണ്ടാം മൂഴം പൂർത്തിയാക്കിയ സാഹചര്യത്തില്‍ ഇനി വീണ്ടും തുടരാൻ സാധ്യതയില്ല.സുരേന്ദ്രന് പാർട്ടി ദേശീയ തലത്തില്‍ സംഘടനാ ചുമതലയോ രാജ്യസഭാ സീറ്റോ നല്‍കുമെന്നാണ് വിവരം.ഡിസംബർ, ജനുവരി മാസങ്ങളില്‍ കേരളത്തില്‍സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ഇതു പുറത്തുവന്നതോടെയാണ് ഗ്രൂപ്പ് പ്രവർത്തനങ്ങളും സജീവമായത്.’കാലാവധി പൂർത്തിയായതോടെ ജെ പി നദ്ദ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാന പ്രസിഡന്റുമാരും സ്ഥാനം ഒഴിയണമെന്നതാണ് ബിജെപിയുടെ രീതി. അതിനുശേഷം ജില്ലാ നേതൃത്വങ്ങളും മാറും. കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്പകരം ആരെന്നത് സംബന്ധിച്ച ചർച്ചകളാണ് കുറച്ചുദിവസമായി ബിജെപി കേരളാ ഘടകത്തില്‍ നടക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷപദവിയില്‍ തുടരണമെന്നാണ് കെ സുരേന്ദ്രന്റെ മോഹമെങ്കിലും ഒപ്പമുണ്ടായിരുന്ന വി മുരളീധരൻ പോലും കൈവിട്ടതോടെ അദ്ദേഹം ഒറ്റപ്പെട്ട അവസ്ഥയിലാണ്. താനില്ലെങ്കില്‍ തന്റെ വിശ്വസ്‌തരെ പ്രധാനപദവികളില്‍ എത്തിക്കുകയെന്നതാണ് സുരേന്ദ്രന്റെ മറ്റൊരു നീക്കം. തന്റെ വിശ്വസ്‌തനായ വി വി രാജേഷിനെ ജനറല്‍ സെക്രട്ടറിയാക്കുന്നതിന് സുരേന്ദ്രൻ നീക്കം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ ജോർജ് കുര്യനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയേക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പദവികളിലും ആധിപത്യം ഉറപ്പാക്കാനാണ് സുരേന്ദ്രൻപക്ഷത്തിന്റെ പരിശ്രമം. എന്നാല്‍ പി കെ കൃഷ്‌ണദാസ് പക്ഷക്കാരനും മുതിർന്ന നേതാവുമായ എം ടി രമേശ് പ്രസിഡന്റാകാനാണ് ഏറെ സാധ്യത തീപ്പാരി വനിതാ നേതാവായ ശോഭാ സുരേന്ദ്രൻ്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി വത്സൻ തില്ലങ്കേരിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാൻ ആർ.എസ്.എസ് കേരളാ ഘടകത്തിന് താല്‍പര്യമുണ്ട്. മുൻകേന്ദ്രസഹമന്ത്രിയായിരുന്ന വി.മുരളിധരൻ്റെ പിൻതുണയും ആശിർവാദവും ഇപ്പോള്‍ കെ.സുരേന്ദ്രനില്ല. പാലക്കാട്ടെ തോല്‍വിയെ തുടർന്ന് സുരേന്ദ്രനെ കുറ്റപ്പെടുത്തി മുരളീധരൻ രംഗത്തുവന്നിരുന്നു. സംസ്ഥാന അധ്യക്ഷ പദവിയോട് താല്‍പ്പര്യമില്ലെങ്കിലും തൻ്റെ നോമിനി തലപ്പത്തുവരണമെന്ന് മുരളീധരന് താല്‍പ്പര്യമുണ്ട്.