ദില്ലി: കൊള്ളപ്പലിശ കേസിൽ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആംആദ്മിപാർട്ടി എംഎൽഎയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. എഎപി എംഎൽഎ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഉത്തം നഗർ മണ്ഡലത്തിലെ എംഎൽഎയാണ് നരേഷ് ബല്യാൻ. നരേഷ് ബല്യാനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ദില്ലിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘ നേതാവ്, നന്ദു എന്നറിയപ്പെടുന്ന കപിൽ സാങ്വാനുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതിന് പിന്നാലെയാണ് നരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു ബിസിനസുകാരിൽ നിന്നും പണം തട്ടിയെടുക്കുന്നതിന് സംബന്ധിച്ചുള്ള കാര്യങ്ങളാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിലുള്ളതെന്നാണ് വിവരം. അതേസമയം നരേഷ് ബല്യന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. ബിജെപിയും കേന്ദ്ര സർക്കാരും ആം ആദ്മി പാർട്ടി നേതാക്കളെ ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ബിജെപിയുടെ ആരോപണങ്ങൾ തള്ളിയ നരേഷ്, തന്നെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. നന്ദു എന്നറിയപ്പെടുന്ന കപിൽ സാങ്വാനിനെതിരെ ഇരുപതിലധികം ക്രിമനൽ കേസുകളുണ്ട്. ഇയാളെ ദില്ലി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നന്ദു നിലവിൽ ലണ്ടനിൽ ഒളിവിൽ കഴിയുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 5 വർഷമായി ഇയാൾ യുകെയിൽ നിന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയാണെന്ന് പൊലീസ് പറയുന്നു.