തിരുവനന്തപുരം : ഇന്ത്യ ഇൻറർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സിബിഷൻ ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കാക്കനാട് കിൻഫ്ര ഇൻറർനാഷണൽ എക്‌സിബിഷൻ സെൻററിൽ നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ എക്‌സിബിഷൻറെ ഉദ്ഘാടനം 14-ന് അഞ്ചു മണിക്ക് നിർവ്വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എം.എസ്.എം.ഇ. ഡയറക്ടർ ജി.എസ്.പ്രകാശ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോർ ഐ.എ.എസ്, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐ.എ.എസ്, തൃക്കാക്കര എംഎൽഎ. ഉമ തോമസ്, മുൻ എംഎൽഎ വി. കെ. സി മമ്മദ് കോയ, എസ്.എൽ. ബി. സി കൺവീനർ കെ.എസ് പ്രദീപ്, കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡൻറ് എ.നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, എക്‌സിബിഷൻ കമ്മിറ്റി ചെയർമാൻ കെ. പി. രാമചന്ദ്രൻ നായർ, സി.ഇ.ഒ. സിജി നായർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസ്സിയേഷൻ (കെ.എസ്.എസ്.ഐ.എ.), മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ വ്യവസായ വകുപ്പ്, കിൻഫ്ര , കെ.എസ്.ഐ.,ഡി.സി., എന്നിവയുടെയും എം.എസ്.എം.ഇ. മന്ത്രാലയം, ഭാരത സർക്കാരിൻറെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള സംഘടിപ്പിക്കുന്നത്. കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും ഇന്ത്യ ഇൻറർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോയുമായി സഹകരിക്കും.രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രമുഖരായ മെഷിനറി നിർമ്മാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. കേരളം, കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മെഷിൻ നിർമ്മാതാക്കളും ചൈന, യു.കെ., യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജർമ്മനി, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മെഷിൻ നിർമ്മാതാക്കളുടെ പ്രതിനിധികളും മേളയിൽ അണിനിരക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, പ്രസൻറേഷനുകൾ, പുതിയ ഉൽപന്നങ്ങളുടെ ഉദ്ഘാടനം , സംവാദങ്ങൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ബയർ സെല്ലർ മീറ്റീംഗുകൾ, വെൻറർ ഡെവലപ്പ്‌മെൻറ് പ്രോഗ്രാമുകൾ തുടങ്ങിയവും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സാധ്യതകൾ വ്യാവസായിക വളർച്ചയ്ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രത്യേക ചർച്ച സംഘടിപ്പിക്കും. പുതിയ വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകരെ മെഷിനറി നിർമ്മാതാക്കളുമായി ബന്ധപ്പെടുത്തും. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികളെയും, ബിസിനസ്സ് വിപുലീകരണത്തിന് ലോണുകൾ ആവശ്യമുള്ള സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളുടെ ഹെൽപ്പ് ഡെസ്‌കുകൾ എക്‌സിബിഷനിൽ സജ്ജീകരിക്കും. എം.എസ്.എം.ഇ. വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ പ്രത്യേക സ്റ്റാളുകൾ സജ്ജീകരിക്കും. കൊച്ചി .ഷിപ്പ്യാർഡ്, കെ-ബിപ് എന്നിവ പ്രത്യേക പവലിയനുകൾ സജ്ജീകരിക്കും.
വ്യവസായ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളിൽ മിക്കവയും ഇന്ത്യ ഇൻറർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സിബിഷനിൽ പങ്കെടുക്കുന്നത് കേരളത്തിൻറെ വ്യാവസായിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നു കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡൻറ് എ.നിസാറുദ്ദീൻ പറഞ്ഞു. സംരംഭകർക്ക് സാങ്കേതിക പരിജ്ഞാനം നൽകുന്നതിലൂടെ ഉൽപ്പാദന ക്ഷമത കൂട്ടാനും കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനായിരത്തിലധികം ട്രേഡ് സന്ദർശകർ മേള സന്ദർശിക്കുമെന്ന് ഇന്ത്യ ഇൻറർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സിബിഷൻ സംഘാടക സമിതി ചെയർമാൻ കെ.പി.രാമചന്ദ്രൻ നായർ പറഞ്ഞു. തദ്ദേശീയരായ വ്യവസായികളെ ആഗോള വ്യാപാര ശൃംഖലയുമായി ബന്ധിപ്പിക്കുവാൻ വിവിധ പരിപാടികൾ മേളയിൽ ആസൂത്രണം ചെയ്യും. ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കി പരമാവധി പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാവും എക്‌സിബിഷനിൽ ഉപയോഗിക്കുകയെന്നും കെ.പി രാമചന്ദ്രൻ നായർ പറഞ്ഞു.
വിവിധതരം റോബോട്ടുകൾ, സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അനുബന്ധ മെഷിനറികൾ, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, കാർഷിക മേഖലകളിൽ ഉപയോഗപ്പെടുത്താവുന്ന അത്യന്താധുനിക മെഷിനിറികൾ തുടങ്ങിയവയുടെ പ്രദർശനം കേരളത്തിലെ വ്യവസായ ലോകത്തിന് സഹായകരമാകുമെന്നു ഇന്ത്യ ഇൻറർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ സി.ഇ.ഒ. സിജി നായർ പറഞ്ഞു.
സമാപന സമ്മേളനത്തിൽ ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ, റവന്യൂ മന്ത്രി കെ. രാജൻ, വ്യവസായ വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ.എ.സ്, വ്യവസായവകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവ്, കെ.എസ്. കൃപകുമാർ, കെ- ബിപി സിഇഒ സൂരജ് എസ് നായർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, എന്നിവർ പങ്കെടുക്കും.
മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവേശനം. സന്ദർശകരിൽ നിന്നും നറുക്കെടുത്തു ഒരു ഭാഗ്യശാലിക്ക് ചൈനയിൽ നടക്കുന്ന കാന്റോൻ എക്‌സിബിഷനിൽ പങ്കെടുക്കുന്നതിനുള്ള വിമാന യാത്രാ ടിക്കറ്റ് സൗജന്യമായി നൽകും.കൂടാതെ ആകർഷകമായ നിരവധി സമ്മാനങ്ങളും മേള സന്ദർശിക്കുന്നവർക്ക് നൽകുന്നുണ്ട്. കൊച്ചി കളമശ്ശേരി മെട്രോ സ്റ്റേഷന് മുന്നിൽ നിന്നും എക്‌സിബിഷൻ സെൻററിലേക്ക് മൂന്നു ദിവസങ്ങളിലും വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iiie.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. മൊബൈൽ – 9947733339/ 9995139933.
കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദീൻ, ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ കെ. പി രാമചന്ദ്രൻ നായർ, എക്‌സ്‌പോ സി. ഇ. ഒ. സിജി നായർ, കെ എസ് എസ് ഐ എ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഫസലുദീൻ, സുനിൽനാഥ്, കെ എസ് എസ് ഐ എ ന്യൂസ് എഡിറ്റർ സലിം, എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.