കോട്ടയം : വിചാരണ തടവുകാരൻ്റെ മുടി വെട്ടാനുള്ള ജയിൽ അധികൃതരുടെ നീക്കം തടഞ്ഞ് കോടതി. പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊൻകുന്നം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയുടെ മുടി വെട്ടുന്നതാണ് കാഞ്ഞിരപ്പള്ളി കോടതി തടഞ്ഞത്. ദിവസങ്ങൾ മുൻപ് പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തത്. പ്രതിയെ കോടതിയിൽ നിന്നും ജയിലിൽ എത്തിച്ചപ്പോൾ ജയിൽ ജീവനക്കാർ മുടി വെട്ടാൻ നിർദേശിക്കുകയായിരുന്നു. ഇതിനെ എതിർത്ത പ്രതി ഈ വിവരം തൻ്റെ അഭിഭാഷയനായ അഡ്വ.ഷാമോൻ ഷാജിയെ അറിയിച്ചു. തുടർന്ന്, ഇദ്ദേഹം ഈ കാര്യം ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് കോടതി ഹർജിക്കാരന്റെ മുടി വെട്ടുന്നത് തടഞ്ഞ് ഉത്തരവ് ഇടുകയായിരുന്നു. പ്രതിയായ ഹർജിക്കാരൻ സിനിമയിൽ അഭിനയിക്കാൻ ഉള്ള ആളായതുകൊണ്ട് അദ്ദേഹത്തിന്റെ പ്രഫഷനെ ബാധിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. കേരള പ്രിസൺ നിയമപ്രകാരം മാസത്തിലേറെ വിചാരണയിൽ കടക്കുന്ന ആളുകൾക്ക് മാത്രമേ മുടിയും വെട്ടേണ്ട ആവശ്യമുള്ളുവെന്നും , താടിയും മുടിയും വെട്ടിയാൽ ഹർജിക്കാരനായ പ്രതിയുടെ തിരിച്ചറിവ് ബുദ്ധിമുട്ടാകുമെന്നും ഹർജിക്കാരൻ്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് മുടി വെട്ടുന്നത് തടഞ്ഞ് കോടതി ഉത്തരവ് പുറത്തിറക്കിയത്.