വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

കോന്നി : വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ചേമുക്കാൽ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളിയെ കോന്നി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മധ്യപ്രദേശ് ഭിൻഡ് ജില്ലയിൽ സാഗ്ര 104 ൽ ഗോപാൽ സിംഗിന്റെ മകൻ അവ്ലിന്ത് സിംഗ് (24) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരം കൈമാറിയതുപ്രകാരം ഡാൻസാഫ് സംഘവും കോന്നി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോന്നി കൊല്ലൻപടിയിൽ നിന്നും രാവിലെ 9.15 നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവാവ് തോളിൽ രണ്ട് ബാഗുകൾ തൂക്കി പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കൊല്ലൻപടി ജംഗ്ഷനിൽ കൂടൽ ഭാഗത്തേക്ക് ഫുട് പാത്തിലൂടെ നടന്നുപോകവേയാണ് പോലീസ് സംഘം പിടികൂടിയത്.

Advertisements

ചോദ്യം ചെയ്യലിൽ ആകെ പരിഭ്രമിച്ച യുവാവിന്റെ വിലാസം മനസ്സിലാക്കിയ പോലീസ് സംഘം, ഷോൾഡർ ബാഗുകൾ പരിശോധിച്ചു. മുഷിഞ്ഞ തുണികൾ നിറച്ച ബാഗിന്റെ മധ്യഅറയിൽ മാസ്കിങ് ടേപ്പ് കൊണ്ട് ചുറ്റിക്കെട്ടിയ മൂന്ന് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. പോലീസിന്റെ ചോദ്യംചെയ്യലിൽ ആദ്യം യുവാവ് കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് സാക്ഷികളെയും മറ്റും കാണിച്ച് ബോധ്യപ്പെടുത്തി പോലീസ് കഞ്ചാവ് ബന്തവസ്സിലെടുത്തു. ഇത് വിൽപ്പനക്കായി കൈവശം വച്ചതാണെന്ന് തുടർന്നുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായി. കോന്നി താലൂക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം 11.55 ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോന്നി ഡിവൈഎസ്പി റ്റി രാജപ്പന്റെ മേൽനോട്ടത്തിലും, കോന്നി പോലീസ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുമാണ് പോലീസ് നടപടികൾ കൈക്കൊണ്ടത്. എസ് ഐ വിമൽ രംഗനാഥ് , പ്രോബേഷൻ എസ് ഐ ദീപക് , എസ് സി പി ഓമാരായ അൽസാം , സൈഫുദ്ധീൻ എന്നിവർക്കൊപ്പം ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, കഞ്ചാവിന്റെ ഉറവിടം, കൂട്ടാളികൾ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകുന്നത് സംബന്ധിച്ച് പ്രതിയെ കൂടുതൽ ചോദ്യംചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles