തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാലവര്‍ഷം ഒക്ടോബര്‍ 26 ഓടെ പൂര്‍ണമായും പിന്‍വാങ്ങാന്‍ സാധ്യത. തുലാവര്‍ഷം ഒക്ടോബര്‍ 26 ന് തന്നെ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടര്‍ന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. അപകട ഭീഷണിയെത്തുടര്‍ന്ന് ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. എന്നാല്‍, മലക്കപ്പാറയിലേക്ക് പോകാന്‍ അനുവദിക്കില്ല. മലക്കപ്പാറ റൂട്ട് 24 വരെ തുറക്കേണ്ടെന്ന് തീരുമാനം.
അതേസമയം സംസ്ഥാനത്തെ മഴ ഭീതി കുറയുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത. മറ്റ് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. നാളത്തെ 12 ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടുകളും പിന്‍വലിച്ചു. മഴ മാറി നിന്നതോടെ ഇടുക്കിയുടെ മലയോര മേഖലയില്‍ ആശ്വാസം. നീരൊഴുക്ക് കാര്യമായി കുറയാത്തതിനാല്‍ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. മഴ മാറി നില്‍ക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താല്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നേരിയ തോതില്‍ മാത്രമാണ് ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായത്. മഴ മാറി നിന്നാല്‍ നീരൊഴുക്ക് കുറയുമെന്നും ഡാമിലെ ജലനിരപ്പ് താഴുമെന്നുമാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാല്‍ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകളില്‍ ഒന്നോ രണ്ടോ അടയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. മഴ മാറിയതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലയില്‍ ജലനിരപ്പ് കാര്യമായി കുറഞ്ഞു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ മാത്രമാണ് വെള്ളക്കെട്ടുള്ളത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. എ.സി. റോഡില്‍ ഭാഗികമായി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. അതേസമയം, മഴക്കെടുതിയെ തുടര്‍ന്ന് രൂക്ഷമായ കൃഷിനാശമാണ് ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ നേരിടുന്നത്. ഇന്ന് പുലര്‍ച്ചെ ചെറുതന പാണ്ടിയിലെ , തേവേരി പാടശേഖരത്തില്‍ മട വീണു 400 ഏക്കറിലെ രണ്ടാം കൃഷി നശിച്ചു. 18 കോടിയിലധികം രൂപയുടെ കൃഷിനാശം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.