തൃശൂർ: കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ കേരളത്തിലേയ്ക്ക് എത്തിച്ച് യുവാക്കളെ മയക്കാൻ മാഫിയ സംഘം. ഓരോ ദിവസവും സംസ്ഥാനത്തു നിന്നും പിടികൂടുന്നത് വീര്യം കൂടിയ പല വിധത്തിലുള്ള ലഹരി മരുന്നുകളാണ്. മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിലായതാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയ സംഭവം. പിടിയിലായ പ്രതികൾക്ക് കഞ്ചാവ് മാഫിയ സംഘവുമായി അടുത്ത ബന്ധവുമുണ്ട്. കോടികളാണ് ഓരോമാസവും ഈ മാഫിയ സംഘം സംസ്ഥാനത്ത് നിന്നും വാരുന്നത്.
കൊടുങ്ങല്ലൂർ സ്വദേശി ചിറ്റിലപറമ്പിൽ ക്രിസ്റ്റി (22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപറമ്പിൽ സിനാൻ (20) എന്നിവരാണ് പിടിയിലായത്. തീരപ്രദേശങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ക്രിസ്റ്റൽ എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂരിക്കുഴി കമ്പനിക്കടവ് തെക്ക് വശത്തുള്ള എഴുത്തഛൻ റിസോർട്ടിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായത്. മൂന്ന് മാസം മുമ്പാണ് ക്രിസ്റ്റി റിസോർട്ടിന്റെ മേൽനോട്ടം ഏറ്റെടുത്തത്. ക്രിസ്റ്റിയുടെ സുഹൃത്തായ സിനാനാണ് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത്. നിരവധി പേർ ഇവിടെ വന്ന് പോയിരുന്നതായി പറയുന്നു. ക്രിസ്റ്റിക്ക് മതിലകം, കയ്പമംഗലം സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ നിലവിലുണ്ട്. ഇവിടെ വന്ന് പോയിരുന്നവരെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ പി.സുജിത്ത്, സന്തോഷ്, പി.സി.സുനിൽ, എ.എസ്.ഐമാരായ സി.ആർ.പ്രദീപ്, കെ.എം.മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ നജീബ്, വഹാബ്, വിഷ്ണു, ഷിന്റോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.