സ്പോർട്സ് ഡെസ്ക് : ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല. വിവാദങ്ങളിൽ നിന്നും കൂടുതൽ വിവാദങ്ങളിലേയ്ക്ക് ചൂട്ട് തെളിക്കുകയാണ് ബോർഡ് ഓഫ് ക്രിക്കറ്റ് കൗൺസിൽ. കോഹ്ലിയുടെ നായക മാറ്റത്തിൽ തുടങ്ങിയ വിവാദങ്ങൾ ഇപ്പോൾ കൂടുതൽ ശക്തമാവുകയാണ്.ബിസിസിഐ അദ്ധ്യക്ഷൻ ഗാംഗുലിയും ഹെഡ് കോച്ച് ദ്രാവിഡും ടീമിനുള്ളിൽ നടത്തുന്ന അഴിച്ചു പണികളാണ് ആഭ്യന്തര തലത്തിൽ കൂടുതൽ വിവാദമാകുന്നത്.
വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കൂടുതൽ വിവാദങ്ങൾ തല പൊക്കുന്നത്. 37 കാരനായ സാഹയോട് ദ്രാവിഡ് റിട്ടയർമെന്റ് ആവിശ്യപ്പെട്ടു. എന്നാൽ ഗാംഗുലി തനിക്ക് ഓഫർ നൽകിയിരുന്നതായും അദ്ധ്യക്ഷനായി താൻ ഇരിക്കുന്ന കാലത്തോളം ഒന്നും പേടിക്കേണ്ടതില്ലെന്ന് ഗാംഗുലി പറഞ്ഞതായും സാഹ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങൾ പലരും ഒരു വിടവാങ്ങൽ മത്സരം പോലും കളിക്കാതെ കളം വിടുന്ന കാഴ്ച ഭൂതകാല ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ് വിക്കറ്റ് പിന്നിൽ സംരക്ഷണം തീർത്ത സാഹയെന്ന താരവും അതേ പാതയിലേക്കാണോ പോകേണ്ടുന്നത്. വിക്കറ്റിന് പിന്നിൽ ജാഗ്രതയോടെ നിലയുറപ്പിക്കുക എന്നത് എത്രകണ്ട് ശ്രമകരമായ ജോലിയാണ് എന്ന് അറിയാത്തവരല്ല ഗാംഗുലിയും ദ്രാവിഡും . പക്ഷെ ഒരു കാലഘട്ടം മുഴുവൻ രാജ്യത്തിന് വേണ്ടി പോരടിച്ചിട്ട് ഒടുവിൽ കറിവേപ്പില പോലെ അരങ്ങൊഴിയേണ്ടി വരിക എന്നത് അതിലേറെ ദുഃഖകരമായ കാര്യമാണ്.
ഗാംഗുലി വാക്ക് പറഞ്ഞിട്ടും ദ്രാവിഡ് എന്തുകൊണ്ടായിരിക്കാം സാഹയെ അത്തരത്തിൽ റിട്ടയർമെന്റിലേക്ക് നിർബന്ധിച്ചത്. ഇതിന് മുൻപ് യുവരാജും , ഹർഭജനും , സേവാഗും, ഗംഭീറുമെല്ലാം കളി മതിയാക്കിയത് അത്തരത്തിൽ ആരുടെയെങ്കിലും നിർബന്ധങ്ങൾക്ക് വഴങ്ങിയായിരിക്കുമോ ! അങ്ങനെയെങ്കിൽ ഒരു വിടവാങ്ങൽ മത്സരം പോലും കളിക്കാൻ അനുവദിക്കാതെ അവരെ തഴഞ്ഞ ബിസിസിഐയുടെ നടപടി ശരിയാണോ ! കോഹ്ലി വിഷയത്തിലും ഇത്തരത്തിൽ പല വിമർശനങ്ങളും ഉയർന്നിരുന്നു എന്നത് ശ്രദ്ധിക്കേണ്ടുന്ന വസ്തുതയാണ്.
തലപ്പത്തിരിക്കുന്നവർ താരങ്ങളുടെ ചോര ഊറ്റി കുടിച്ച് നേടിയ പണക്കൊഴുപ്പിൽ വ്യക്തി താല്പര്യങ്ങൾ ലക്ഷ്യം വച്ച്
രാഷ്ട്രീയം കളിക്കുമ്പോൾ ഓർമ്മകളിൽ സൂക്ഷിക്കുവാൻ ഒരു അവസാന അവസരം പോലും ലഭിക്കാതെ താരങ്ങൾക്ക് പടിയിറങ്ങേണ്ടി വരുന്നത് അത്രകണ്ട് വേദന നിറയ്ക്കുന്ന കാര്യമാണ്. ഇനി സാഹയിൽ നിന്നും ഒന്നും തന്നെ ഇന്ത്യയ്ക്ക് ലഭിക്കാൻ വേണ്ടി പോകുന്നില്ല എന്നിരിക്കട്ടെ അയാളുടെ പ്രായം ഫിറ്റ്നസിനേയും ഫോമിനേയും ബാധിച്ചുവെന്നും ഇരിക്കട്ടെ പക്ഷെ അവസാനമായി ഒരു പരമ്പരയിൽ പാഡണിഞ്ഞ് വിട പറയുവാൻ പോലും ആ താരം അർഹനല്ലാതാവുന്നുണ്ടോ ?