കോട്ടയം: അതിരമ്പുഴയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പേരിൽ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായി പരാതി. സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കുടുംബശ്രീ സെക്രട്ടറിയ്‌ക്കെതിരെയാണ് അംഗങ്ങൾ പരാതി നൽകിയിരിക്കുന്നത്. രണ്ട് തവണയായി 17 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. അതിരംമ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ സൗപർണ്ണിക കുടുംബശ്രീയിലാണ് ബാങ്ക് ലിങ്കേജ് ലോൺ വിതരണത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. സി പി എം ബ്രാഞ്ച് സെക്രട്ടറിയും, മൂന്നാം വാർഡ് സി ഡി എസ് അംഗവും, സൗപർണ്ണിക കുടുംബശ്രീ സെക്രട്ടറിയുമായ ശ്രീവിജയയാണ് ക്രമക്കേടിന് നേതൃത്വം നൽകിയതെന്നാണ് പരാതി.
അംഗങ്ങൾക്ക് ലിങ്കേജ് വായ്പ നൽകുന്നതിന് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ നിന്ന് 2024 ഏപ്രിൽ 13 ന് 15 ലക്ഷം രൂപ ലോണെടുത്തു എന്ന് അംഗങ്ങളെ ധരിപ്പിച്ചു. തുടർന്ന് സ്വന്തം കുടുംബശ്രീയിൽ പങ്കെടുക്കാത്ത മകൾക്കുൾപ്പടെ ഫണ്ട് വീതം വച്ച് നൽകുകയും ചെയ്തതായാണ് പരാതി. സാമ്പത്തിക വർഷം അവസാനിക്കാറയപ്പോൾ പ്രസിഡന്റും, മറ്റ് അംഗങ്ങളും ബാങ്ക് പാസ്ബുക്ക് കാണിക്കാൻ സെക്രട്ടറിയോട് പല പ്രവശ്യം ആവശ്യപ്പെട്ടിട്ടും തരാത്തതിൽ സംശയം തോന്നിയതിനെ തുടർന്ന് ബാങ്കിന്റെ ശാഖയിൽ ചെന്ന് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് 20 ലക്ഷം രൂപാ ലോൺ എടുത്തായി അറിയുന്നത്. ഇതിനെതിരെ ആദ്യം എഡിഎസിലും, പിന്നീട് കുടുംബശ്രീ ചെയർപേഴ്‌സണും പരാതി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് സംബന്ധിച്ച് നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് കുടുംബശ്രീ ജില്ലാമിഷന് 2025 മാർച്ച് 25 ന് പരാതി നൽകിയെങ്കിലും പരാതി അവഗണിക്കുകയാണ് ചെയ്തത്.തുടർന്ന് കുടുംബശ്രീ അംഗങ്ങൾ സ്വയം അന്വേഷണം നടത്തിയപ്പോൾ മറ്റൊരു ബാങ്കിൽ നിന്ന് ലിങ്കേജ് ലോണായി 15 ലക്ഷം കുടുംബശ്രീ അംഗങ്ങൾ അറിയാതെ എടുക്കുകയും അതിൽ മൂന്ന് ലക്ഷം രൂപ മറ്റ് അംഗങ്ങൾക്ക് നൽകി 12ലക്ഷം രൂപയുടെ ക്രമ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കുടുംബശ്രീയിൽ 12 അംഗങ്ങളാണ് ഉള്ളത്. ലക്ഷങ്ങളുടെ ബാധ്യത തങ്ങൾക്ക് വരുമോ എന്ന ആശങ്കയിലാണ് പാവപ്പെട്ടവരായ അംഗങ്ങൾ.
ക്രമക്കേടുകൾക്ക് സിഡിഎസ് ചെയർപേഴ്‌സനും , വൈസ് ചെയർപേഴ്‌സണും കൂട്ടുനിൽക്കുന്നതായി കുടുംബശ്രീ അംഗങ്ങൾ പറയുന്നു. അതിരംമ്പുഴ സിഡിഎസ് കമ്മറ്റിയുടെ മുൻകാലത്തെ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്ന് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് ആവശ്യമുയരുന്നു. ഗുരുതരമായ ക്രമക്കേട് ഒതുക്കി തീർത്ത് കുറ്റക്കാരെ രക്ഷിക്കാൻ സി പി എം ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. കുടുംബശ്രീ ലിങ്കേജ് ക്രമക്കേടിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ക്രിമിനൽ കുറ്റമായതിനാൽ പോലിസ് അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കുടുംബശ്രീ ചെയർ പേഴ്‌സണും, വൈസ് ചെയർപേഴ്‌സണും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും യൂത്ത്് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ഇതിനെതിരെയുള്ള പരാതികൾ ഫ്രണ്ട് ഓഫീസിൽ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം സ്വീകരിക്കുന്നില്ലന്നും ഇവർ പറയുന്നു.