കോട്ടയം: സർവ്വകലാശാല നിയമങ്ങൾക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും വിരുദ്ധമായി വോട്ടെടുപ്പിന് തലേദിവസം തിരഞ്ഞെടുപ്പ് രീതി മാറ്റിമറിച്ച് സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു വൈസ് ചാൻസലറെ ഉപരോധിച്ചു. അടിമുടി നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് നടപടികൾ നിറുത്തി വയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന വൈസ് ചാൻസലറെ തടഞ്ഞുവച്ചു.
തുടർന്ന് കോട്ടയം ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തി കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഗാന്ധി നഗർ സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഉൾപ്പെടെ സ്റ്റേഷനിലെത്തി ചർച്ച നടത്തിയതിനെ തുടർന്ന് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വോട്ടർക്ക് (കൈമാറ്റം ചെയ്യാവുന്ന ) ഒരു വോട്ടാണ് യൂണിവേഴ്‌സിറ്റി നിയമത്തിൽ നിഷ്‌കർഷിക്കുന്നത് . ഇത്
പിൻവാതിലിലൂടെ 7 വോട്ട് ആക്കി വർധിപ്പിക്കുകയാണ് യൂണിവേഴ്‌സിറ്റി ചെയ്തത്. പുതിയ രീതി അനുസരിച്ച് എസ് സി, എസ് ടി ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ സംവരണ സീറ്റുകളിലാണ് മത്സരിച്ചു വിജയിക്കേണ്ടത്. ജനറൽ ക്വാട്ടയിൽ ജയിക്കാൻ കുറഞ്ഞത് 45 വോട്ട് വേണ്ടപ്പോൾ സംവരണ സീറ്റുകളിൽ ഇത് ഏകദേശം 125 വോട്ടുകളാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ സംവരണ തത്വങ്ങളും സാമാന്യ നീതിയും അട്ടിമറിക്കുന്ന തീരുമാനമാണ് ഏകപക്ഷീയമായി യൂണിവേഴ്സിറ്റി നടപ്പാക്കിയത്.
ഭൂരിപക്ഷമുള്ളവന്റെ സമഗ്രാധിപത്യം നടപ്പാക്കി, പ്രതിപക്ഷവും എതിർ ശബ്ദവും ഇല്ലാതാക്കാനാണ് സിന്ഡിക്കേറ്റും സിപിഎമ്മും ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം വരെ ഒറ്റ ബാലറ്റ് പേപ്പറിലാണ് മുഴുവൻ സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്തിരുന്നത്. ഇതുവഴി സംവരണ വിഭാഗം സ്ഥാനാർഥികൾക്ക് ജനറൽ, വനിതാ സീറ്റുകളിലും വിജയിക്കാൻ പറ്റുമായിരുന്നു. പുതിയ രീതിയനുസരിച്ച് എസ് സി, എസ് ടി പ്രാതിനിധ്യം 2 സംവരണ സീറ്റുകളിൽ പരിമിതപ്പെടും. ബാലറ്റ് പേപ്പറുകളുടെ എണ്ണം 7 ആയി വർധിപ്പിക്കുന്നതായി തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലോ വോട്ടർമാർക്കുള്ള നിർദ്ദേശത്തിലോ പോലും പറഞ്ഞിരുന്നില്ല.
വോട്ടെണ്ണൽ എളുപ്പമാക്കാനുള്ള നിഷ്‌കളങ്ക നീക്കമല്ല, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വ്യക്തമായ
ഗൂഢാലോചനയാണ് നടന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു. ഗുജറാത്തിൽ 3 രാജ്യസഭാ സീറ്റുകൾ ഒഴിവ് വന്നപ്പോൾ മൂന്നും വെവ്വേറെ വിജ്ഞാപനം ചെയ്ത് പ്രതിപക്ഷം ജയിക്കേണ്ട സീറ്റ് കൂടി പിടിച്ചെടുത്ത അമിത് ഷായുടെ തന്ത്രമാണ്, മറ്റൊരു രീതിയിൽ എംജി സർവകലാശാലയിൽ സിപിഎമ്മും പയറ്റുന്നത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം നടത്തുമെന്ന് അഭിജിത്ത് അറിയിച്ചു. യൂണിവേഴ്സിറ്റികളിലും കലാലയങ്ങളിലും ജനാധിപത്യവും പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും ശബ്ദവും സംരക്ഷിക്കാൻ കെ.എസ്.യു പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
കെ.എസ്.യു നേതാക്കളായ ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, സംസ്ഥാന ഭാരവാഹികളായ സുബിൻ മാത്യു, അനൂപ് ഇട്ടൻ, മാത്യു കെ ജോൺ, അസ്ലം പി എച്ച്, അലോഷ്യസ് സേവ്യർ, വൈശാഖ് പി കെ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.