തിരുവനന്തപുരം: അനുപമയ്ക്ക് കുട്ടിയെ ലഭിക്കുക എന്നത് അവകാശമാണെന്നും അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്. അനുപമയുടെ കുഞ്ഞിന്റെ അനധികൃത ദത്തെടുക്കലില്‍ വകുപ്പ് തല അന്വേഷണത്തിനും വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വകുപ്പ് സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക. അസാധാരണമായ സാഹചര്യമാണിത്. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അടിസ്ഥാനപരമായ നിലപാട് ആ അമ്മയ്ക്കും ആ അമ്മയുടെ കണ്ണീരിനുമൊപ്പമാണെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.
വിഷയം കോടതിയില്‍ പോയാല്‍ അനുപമയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കും. സ്ത്രീകളുടെ പരാതി വാട്‌സ് ആപ് ലന്ദേശമാണെങ്കിലും സ്വീകരിക്കാമെന്നും പരാതി എഴുതി നല്‍കിയില്ല എന്ന ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സന്റെ നിലപാട് ശരിയല്ല- മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം പേരൂര്‍ക്കടയില്‍ പെറ്റമ്മയില്‍ നിന്നു നവജാതശിശുവിനെ വേര്‍പെടുത്തി കടത്തിയ സംഭവം പാര്‍ട്ടി നേതൃത്വം അറിഞ്ഞിരുന്നുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞു. എസ്എഫ്ഐ മുന്‍ നേതാവും പരാതിക്കാരിയുമായ അനുപമ എസ്. ചന്ദ്രന്റെ പിതാവും പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നെന്ന് ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. ക്രിമിനല്‍ കുറ്റമായതിനാല്‍ ശിശുക്ഷേമ സമിതിയില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറയാനാകില്ലെന്നാണ് ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാന്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തിയെന്ന കേസില്‍ ആദ്യം പാര്‍ട്ടിയെ സമീപിച്ചത് അനുപമയുടെ അച്ഛനാണെന്നും പാര്‍ട്ടി കുടുംബമായതിനാല്‍ അന്നു തന്നെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നെന്നും ജില്ലാ സെക്രട്ടറി പറയുന്നു. പിന്നീട് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നു കത്തു മുഖേന ജില്ലാ കമ്മിറ്റിയെ അറിയിച്ചപ്പോഴും സമാനമായിരുന്നു പാര്‍ട്ടി നിലപാടെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. പിന്നീട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയോടും ഇക്കാര്യം സംസാരിച്ചിരുന്നു. കുട്ടി അമ്മയുടെ അവകാശമെന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലാപടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് അനുപമ പരാതി നല്‍കി 6 മാസത്തിനു ശേഷമാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. അനുപമയുടെ പരാതിയും കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്നുള്ള പൊലീസ് വീഴ്ചയും വിവാദമായതിനു പിന്നാലെ വനിതാ കമ്മിഷനും കേസെടുത്തു.