കെ-റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം; ക്വോറി മാഫിയകളെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടാണ് പ്രകൃതി ദുരന്തത്തിന് പ്രധാനകാരണം; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നാട്ടില്‍ പ്രളയവും വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ പിണറായി സര്‍ക്കാര്‍ കെ-റെയിലിന് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കെ-റെയില്‍ പദ്ധതിക്കായുള്ള പിണറായി സര്‍ക്കാരിന്റെ പിടിവാശിക്ക് പിന്നില്‍ വലിയ സാമ്പത്തിക താത്പര്യമാണുള്ളത്. സഹസ്രകോടിക്കണക്കിന് രൂപയുടെ കടക്കെണിയില്‍ കേരളത്തെ എത്തിക്കാന്‍ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ. എന്ത് സമ്മര്‍ദ്ദമുണ്ടായാലും കേന്ദ്രസര്‍ക്കാര്‍ കെ-റെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്നാണ് കേരള ബിജെപിയുടെ നിലപാട്. ലാഭകരമല്ലാത്തതും ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലാത്തതുമായ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം.

Advertisements

ക്വോറി മാഫിയകളെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടാണ് പ്രകൃതി ദുരന്തത്തിന് പ്രധാനകാരണം. ദുരന്തത്തിന് പിറ്റേ ദിവസം മുതല്‍ ഖനനം ആരംഭിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ സമീപനമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയതാണ് സംസ്ഥാനത്തിന് തിരിച്ചടിയാവുന്നത്. ദുരന്തബാധിതര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പോകാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പ്രളയബാധിതരെ സഹായിക്കാന്‍ അവിടെ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നുമില്ല. കൊച്ചുകുട്ടികള്‍ക്ക് പോലും അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ പ്രളയങ്ങളില്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് എവിടെ എത്തി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റീബില്‍ഡ് കേരളയ്ക്കായി പിരിച്ചെടുത്ത കോടികള്‍ എവിടെ? പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും പുനരധിവാസം നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് പിണറായി സര്‍ക്കാര്‍ കെ-റെയിലിന്റെ പിറകെ ഓടുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെട്രോമാന്‍ ഇ-ശ്രീധരന്‍ വെച്ച കെ-റെയില്‍ ബദല്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

വനിതാകമ്മീഷനും ശിശുക്ഷേമ സമിതിയും ആരുടെ താത്പര്യമാണോ സംരക്ഷിക്കേണ്ടത് അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ശിശുക്ഷേമ സമിതി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ഉദ്ദാഹരണമാണ് തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ്. സാംസ്‌ക്കാരിക നായകന്‍മാരും വനിതാപ്രവര്‍ത്തകരും ഈ കാര്യത്തില്‍ ഇടപെടാത്തത് ദുരൂഹമാണ്. അങ്ങേയറ്റം നിയമവിരുദ്ധവും ധാര്‍മ്മികവിരുദ്ധവുമായ കാര്യം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്നിട്ടും സിപിഎമ്മും സര്‍ക്കാരും മൗനത്തിലാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles