ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനല്‍ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ചാനലിനെതിരെയുള്ള കേന്ദ്രത്തിന്റെ വിലക്ക് സ്‌റ്റേ ചെയ്തത്. ചാനലിന് നേരത്തെ സംപ്രേഷണം ചെയ്ത രീതിയില്‍ സംപ്രേഷണം തുടരാമെന്നും മാധ്യമസ്ഥാപനമെന്ന പരിരക്ഷ ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും ഹര്‍ജി നല്‍കിയത്. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് ഹാജരായത്. സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് രണ്ടിനാണ് തള്ളിയത്. അന്ന് തന്നെ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.ഒരു വാര്‍ത്താചാനലിന് അപ്‌ലിങ്കിംഗിന് അനുമതി നല്‍കാനുള്ള പോളിസി പ്രകാരം ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു വാര്‍ത്താ ചാനലാകുമ്പോള്‍ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പുരാണവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലില്‍ ഹര്‍ജിക്കാര്‍ പറയുന്നു.നേരത്തെ, കേന്ദ്രസര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ സിംഗിള്‍ ബഞ്ച് മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിയിരുന്നു.