കൊച്ചി: ഇന്ന് ചേര്‍ന്ന ഫിയോഗ് യോഗത്തില്‍ പൃഥ്വിരാജ് ചിത്രങ്ങള്‍ വിലക്കണമെന്ന ആവശ്യം ചില തീയറ്റര്‍ ഉടമകള്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയിലാണ് റിലീസ് ചെയ്യുന്നതെന്നാണ് ഉടമകളുടെ ആക്ഷേപം. ലോക്ക് ഡൗണിനിടെ പൃഥ്വിയുടെ മൂന്ന് ചിത്രങ്ങളായിരുന്നു ഒടിടിയില്‍ എത്തിയത്. ആദ്യം കോള്‍ഡ് കേസ് ആയിരുന്നു റിലീസ് ചെയ്തത്. പിന്നീട് കുരുതിയും ഭ്രമവും. ഇവ മൂന്ന് ആമസോണ്‍ പ്രൈമിലൂടെയാണ് പ്രദര്‍ശനം ചെയ്തത്.
യോഗത്തില്‍ പൃത്വിരാജിനെ പിന്തുണച്ച് ദിലീപ് അഭിപ്രായം രേഖപ്പെടുത്തി. എടുത്ത് ചാടി തീരുമാനം വേണ്ടെന്നും എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് ദിലീപ് പറഞ്ഞത്. അതേസമയം ആദ്യം തീയറ്ററുകള്‍ തുറക്കുമ്പോള്‍ ഏതൊക്കെ ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നവംബര്‍ 12-ന് റിലീസ് തീരുമാനിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ആകും ആദ്യ മലയാള സിനിമ. ജെയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടര്‍’ എന്നിവയും റിലീസിനുണ്ടാകും.