കോട്ടയം: കോട്ടയം അതിരൂപത ഒരുക്കുന്ന ബൈബിൾ കൺവൻഷൻ ഉഴവൂർ ഒ.എൽ.എൽ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ ഒക്ടോബർ 24 മുതൽ 27 വരെ നടക്കും. കോട്ടയം അതിരൂപതയിലെ പ്രമുഖ ദേവാലയമായ ഉഴവൂർ സെൻറ് സ്റ്റീഫൻസ് ഫൊറോന പള്ളിയാണ് ഈ വചനവിരുന്നിന് ആതിഥ്യം വഹിക്കുന്നത്.ഉഴവൂർ ഫൊറോനായിലെ ഒൻപന ഇടവകകളായ ഉഴവൂർ, ഇടക്കോലി, അമനകര, വെളിയന്നൂർ, അരീക്കര, ചേറ്റുകളം, പയസ് മൗ പുതുവേലി, മോനിപ്പള്ളി എന്നിവ സംയുക്തമായി ചേർന്നാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. പതിനായിരത്തോളം വിശ്വാസികൾക്ക് ഇരുന്ന് ദൈവവചനം ശ്രവിക്കാനുള്ള സൗകര്യങ്ങളോടെയുള്ള പന്തലും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
301 അംഗ കമ്മിറ്റിയാണ് കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉഴവൂർ പള്ളി വികാരി റവ. ഫാ. അലക്‌സ് ആക്കപറമ്പിൽ ജനറൽ കൺവീനറായും, വൈദികരും അൽമായരും ഉൾപ്പെട്ട വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു.കൺവൻഷന്റെ വിജയത്തിനായി അതിരൂപത മുഴുവൻ കുടുംബങ്ങൾ മാസങ്ങളായി പ്രാർത്ഥനയിലും, ഉഴവൂർ ഫൊറോനായിൽ പ്രത്യേക ആരാധനകളും ജപമാലയും നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാന പരിപാടികൾ
ഒക്ടോബർ 24 ന് വൈകിട്ട് 4.30ന് ജപമാലയും ബൈബിൾ പ്രതിഷ്ഠയും നടക്കും. 5.00 മണിക്ക് മാർ ജോസഫ് പണ്ടാരശ്ശേരിൽ ദിവ്യബലി അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും. ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. ജോൺസൺ നിലാനിരപ്പേൽ എന്നിവർ സഹകാർമ്മികരാകും. 6.15ന് ഗാനശുശ്രൂഷ, 6.30ന് വചനശുശ്രൂഷ, തുടർന്ന് 8.30ന് ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും.ഒക്ടോബർ 25 ന് വൈകിട്ട് 4.30ന് ജപമാലയും 5.00 മണിക്ക് ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യകാർമ്മികനായുള്ള ദിവ്യബലിയും നടക്കും. ഫാ. സൈമൺ പുല്ലാട്ട്, ഫാ. റെന്നി കട്ടേൽ എന്നിവർ സഹകാർമ്മികരാകും.ഒക്ടോബർ 26 ന് ഫാ. മൈക്കിൾ വെട്ടിക്കാട്ടിൽ മുഖ്യകാർമ്മികനായ ദിവ്യബലിക്ക് നേതൃത്വം നൽകും. സഹകാർമ്മികരായി ഫാ. തോമസ് പ്രാലേൽ, ഫാ. സാബു മാലിത്തുരുത്തേൽ എന്നിവർ പങ്കെടുക്കും.
സമാപനദിനമായ ഒക്ടോബർ 27 ന് വൈകിട്ട് 5.00 മണിക്ക് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികനായുള്ള ദിവ്യബലി നടക്കും. തുടർന്ന് വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധനയും 8.45 ന് ദിവ്യകാരുണ്യ പ്രദക്ഷണവും ഉണ്ടായിരിക്കും. സമാപന പ്രഭാഷണം ഗീവർഗീസ് മാർ അപ്രേം നടത്തും.വചനപ്രഘോഷണം മുഴുവൻ ദിവസങ്ങളിലും ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും.ഗതാഗത സൗകര്യം:പങ്കെടുക്കുന്നവർക്കായി പ്രത്യേക ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുര്യനാട് ഭാഗത്തുനിന്ന് വരുന്നവർക്ക് സെൻറ് സ്റ്റീഫൻസ് കോളേജ് ഗ്രൗണ്ടിലും, പാല–കുടക്കച്ചിറ–കുറിച്ചിത്താനം ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിലും സ്കൂൾ മുൻവശത്തും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂത്താട്ടുകുളം–അരീക്കര ഭാഗത്തുനിന്ന് വരുന്നവർക്ക് പാരീഷ് ഹാളിന് പിറകിലെ ഗ്രൗണ്ടിലും പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ കെ.ആർ. നാരായണൻ മെമ്മോറിയൽ ഹോസ്പിറ്റലിനടുത്തുള്ള പിയേഴ്‌സിന്റെ പുരയിടത്തിലായിരിക്കും പാർക്ക് ചെയ്യുക.പള്ളി കവല മുതൽ കോളേജിന്റെ പ്രധാന കവാടം വരെ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് സംഘാടകർ അറിയിച്ചു.


