ജില്ലാ ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റെടുക്കാൻ ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക ക്രമീകരണം; ജീവനക്കാരും ബന്ധുക്കളും ഒപി ടിക്കറ്റ് എടുക്കേണ്ടത് ആറാം നമ്പർ കൗണ്ടറിൽ നിന്നു മാത്രമെന്ന് നിർദേശം; തിരിച്ചടി കിട്ടിയത് വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘത്തിന്

കോട്ടയം: തിരക്കേറിയ ജില്ലാ ജനറൽ ആശുപത്രിയിൽ സാധാരണക്കാരായ രോഗികൾക്കു ബുദ്ധിമുട്ടുണ്ടാകാതെ സർക്കാർ ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ക്യൂനിൽക്കാതെ ഒപി ടിക്കറ്റെടുക്കാൻ ക്രമീകരണവുമായി അധികൃതർ. തിരക്കിനിടെ ജീവനക്കാർ ഒപി കൗണ്ടറിനുള്ളിലും ക്യൂ ലംഘിച്ചും കയറുന്നതായി സാധാരണക്കാരായ രോഗികളുടെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആശുപത്രിയിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
ക്യൂവിന് ഇടയിലൂടെ തിരുകി കയറാൻ ശ്രമിച്ചവരെ തടഞ്ഞതിന്റെ പേരിൽ ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ ഒരു വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയിരുന്നു. ചില വ്യാജ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ട് പിടിച്ച് ഒരു സംഘം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുകയായിരുന്നു. ജില്ലാ ആശുപത്രിയെ തകർക്കാനുള്ള ചില ആളുകളുടെ താല്പര്യത്തിനും ക്രമക്കേടുകൾക്കുമാണ് ഈ വിഭാഗം കൂട്ടു നിൽക്കുന്നതെന്ന് ആശുപത്രി ജീവനക്കാർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
കഴിഞ്ഞ ദിവസം വരി തെറ്റിച്ചെത്തി പൊലീസുകാരും ജീവനക്കാരും ഒപി ടിക്കറ്റ് എടുക്കാൻ ശ്രമിച്ചതിനെതിരെ ക്യൂവിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലെ ഒരു ജീവനക്കാരി തന്നെ ഒപി കൗണ്ടറിനുള്ളിൽ കയറി ടിക്കറ്റ് എടുത്തതായി പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ചുള്ള പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജീവനക്കാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.
ഈ യോഗത്തിൽ പക്ഷേ, ജീവനക്കാർ ആരും തന്നെ യാതൊരു പരാതിയും ഉന്നയിച്ചില്ല. പരാതികളില്ലെന്നായിരുന്നു ജീവനക്കാർ അറിയിച്ചത്. തുടർന്ന് കൂടുതൽ പരാതികൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ജീവനക്കാരോ പൊലീസുകാരോ അടക്കമുള്ളവർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയാൽ ഇവർക്ക് ആറാം നമ്പർ കൗണ്ടറിൽ നിന്ന് ഒപി ടിക്കറ്റ് എടുക്കുന്നതിനു ക്രമീകരണവും ഒരുക്കി നൽകി. നേരത്തെയും ആറാം നമ്പർ കൗണ്ടറിൽ നിന്നു മാത്രം ജീവനക്കാർക്ക് ഒപി ടിക്കറ്റ് എടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. പരാതി ഉയർന്ന സാഹചര്യത്തിൽ ഈ നിർദേശം കർശനമായി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകളോളം ക്യൂ നിന്നിരുന്ന രോഗികൾക്ക് അലോസരം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്.

Advertisements

എന്നാൽ, ഈ യോഗം കഴിഞ്ഞ് തീരുമാനമെടുത്ത് പരാതികളൊന്നുമില്ലെന്ന് ജീവനക്കാർ എല്ലാവരും അറിയിച്ച ശേഷം സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിക്കുകയായിരുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിച്ചത്. ആശുപത്രിയെ തകർക്കുന്നതിനും ചില സ്വകാര്യ ആശുപത്രി ലോബിയുടെ ആളായി നിന്നും ഓൺലൈൻ മാധ്യമങ്ങളും ജില്ലാ ജനറൽ ആശുപത്രിയിലെ തന്നെ സ്വകാര്യ ആശുപത്രിയ്ക്കു വേണ്ടി പണിയെടുക്കുന്ന ചില മാഫിയ സംഘവുമാണ് ഇപ്പോൾ ഈ പ്രചാരണത്തിനു പിന്നിലെന്നാണ് ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ആശുപത്രിയ്ക്കെതിരെ അപകീർത്തികരമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Hot Topics

Related Articles