തിരുവല്ല: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ്, സാംക്രമിക രോഗ അടിയന്തര പരിശോധനാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇന്ന് വ്യാഴാഴ്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിനോടനുബന്ധിച്ച് ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണവും നടക്കും. കേരള സര്‍ക്കാരിന്റെയും പത്തനംതിട്ട നഗരസഭയുടെയും സി.പി.സി.എല്‍ ചെന്നൈയുടെ സി.എസ്.ആര്‍ ഫണ്ടും ഉപയോഗിച്ചാണ് ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണം നടത്തിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ 2019-2020ലെ എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സാംക്രമിക രോഗ അടിയന്തര പരിശോധന വിഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.