കോട്ടയം: നഗരസഭ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15 ന് നടക്കും. ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം നടത്തി. ഇതോടെ ഒരു മാസത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരമമായി. വിജ്ഞാപനം പുറത്തിറങ്ങിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. കഴിഞ്ഞ മാസം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയനെതിരെ ഇടതു മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് നഗരസഭയിൽ ഭരണ പ്രതിസന്ധി ഉണ്ടായത്.
ഇതേ തുടർന്നു ഒരു മാസത്തോളമായി വൈസ് ചെയർമാൻ ബി.ഗോപകുമാറിനാണ് നഗരസഭ അധ്യക്ഷന്റെ ചുമതല. ഇടതു മുന്നണിയിൽ നിന്നും അഡ്വ.ഷീജ അനിൽ തന്നെ മത്സരിച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കൾ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ, യു.ഡി.എഫിൽ നിന്നും ആരാകും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. ഉടൻ തന്നെ ചർച്ചകൾ ആരംഭിക്കുമെന്നു യു.ഡി.എഫ് നേതാക്കൾ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ തവണ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്നു യു.ഡി.എഫും കോൺഗ്രസും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഭരണം താഴെ വീണത്. എൽ.ഡി.എഫിന് 22 ഉം, യുഡി.എഫിന് 21 ഉം അംഗങ്ങളുണ്ട്. കോൺഗ്രസ് വിമത അംഗമായ ബിൻസി സെബാസ്റ്റിയൻ കഴിഞ്ഞ തവണ യു.ഡി.എഫിനെ പിൻതുണയ്ക്കുകയായിരുന്നു. ഇതേ തുടർന്നു ടോസിട്ടാണ് ചെയർപേഴ്സണെ തിരഞ്ഞെടുത്തത്. എട്ട് അംഗങ്ങളുള്ള ബി.ജെ.പിയുടെ നിലപാടും നിർണ്ണായകമാകും.