കോട്ടയം പഴയിടത്ത് ആംബുലൻസ് ജീവനക്കാർ രക്ഷകരായെത്തി ; യുവതിക്ക് അയൽവാസിയുടെ പരിചരണത്തിൽ സുഖ പ്രസവം

കോട്ടയം:
പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ അയൽവാസിയുടെ വീട്ടിൽ എത്തിയ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ് ആൺ കുട്ടിക്ക് ജന്മം നൽകിയത്. വെള്ളിയാഴ്ച്ച വെളുപ്പിന് 12.45നാണ്‌ സംഭവം. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാനാണ് ബ്ലെസി അയൽവാസികളായ ജോജി- ഷേർളി ദമ്പതികളുടെ വീട്ടിൽ എത്തിയത്. ബ്ലെസിക്ക് ഒപ്പം ആശുപത്രിയിലേക്ക് പോകാനായി ഷേർളി തയ്യാറാകുന്നതിനിടെ ബ്ലെസിയുടെ ആരോഗ്യനില വഷളാകുകയും 1 മണിയോടെ ഷേർളിയുടെ പരിചരണത്തിൽ ബ്ലസി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്ന ഷേർളി ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാഖിൽ സി.ആർ, പൈലറ്റ് ആന്റണി ജോസഫ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടയിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാഖിൽ ഫോണിലൂടെ ഷേർളിക്ക് ആംബുലൻസ് എത്തുന്നതുവരെ ചെയ്യേണ്ട കാര്യങ്ങൾ നിർദേശിച്ചു. സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാഖിൽ കുഞ്ഞിന്റെ പൊക്കിൾ കോടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് പൈലറ്റ് ആന്റണി ജോസഫ് ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Advertisements

Hot Topics

Related Articles