കോട്ടയം: കാത്തിരിപ്പിനൊടുവിൽ ചികിത്സാ ധനസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം.
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് അറുപതുകാരനായ മാത്യുവിന് ചികിത്സാ ധനസഹായം ലഭ്യമാക്കിയത്.
രണ്ടു വർഷം മുമ്പാണ് മാത്യു തോമസിന് തൊണ്ടയിൽ അർബുദം കണ്ടെത്തിയത്.
വീടുകൾക്ക് പ്ലാൻ വരച്ചു നൽകുന്നതാണ് ഏക വരുമാനം. തുടർ ചികിത്സയ്ക്കായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതിൽ സാമ്പത്തികമായി തളർന്നിരിക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം. മക്കളുടെ പഠനാവശ്യങ്ങൾക്കായി സഹകരണ ബാങ്കിൽ നിന്നും 20 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. രോഗം ബാധിച്ചതോടെ തിരിച്ചടയ്ക്കാൻ കഴിയാതെയായി. ചികിത്സാ ധനസഹായമായി അനുവദിച്ച 75,000 രൂപ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മാത്യുവിന് കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂലിപ്പണിയെടുത്ത് വായ്പയടച്ച് തീർക്കാം എന്നതായിരുന്നു ഏറ്റുമാനൂർ സഹകരണ ബാങ്കിൽ നിന്നും വീടുപണിക്കായി വായ്പയെടുത്തപ്പോൾ ഏറ്റുമാനൂർ നഗരസഭ 26-ാം വാർഡ് നേതാജി നഗറിലെ താമസക്കാരനായിരുന്ന പി.വി. വിജയകുമാറിന്റെ പ്രതീക്ഷ. എന്നാൽ
രണ്ടു വർഷം മുൻപ് അർബുദ രോഗം മൂലം 56-ാം വയസിൽ അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു. അതോടെ
വായ്പയടച്ച് തീർക്കേണ്ട ചുമതല ഭാര്യ ഓമനയ്ക്കും മക്കൾക്കുമായി. അഞ്ചു ലക്ഷം രൂപയാണ് വായ്പയായി ബാങ്കിൽ നിന്നും എടുത്തിരുന്നത്. മക്കൾ പണിയെടുത്തു കിട്ടുന്നതിൽ നിന്നും മിച്ചം പിടിച്ചൊരു തുക കൃത്യമായി ബാങ്കിൽ തിരിച്ചടച്ച് കൊണ്ടിരുന്നതാണ്.
ഒരു വർഷം മുൻപ് പക്ഷാഘാതം വന്ന് ഓമന കിടപ്പിലായി. ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് എഴുന്നേറ്റ് നടക്കാനായത്. ഭർത്താവിന്റെ അകാലത്തിലെ വേർപാടും രോഗ ദുരിതങ്ങളും നൽകിയ തകർച്ചയിൽ സർക്കാരിന്റെ കൈത്താങ്ങ് പ്രതീക്ഷിച്ച് അയൽക്കാരിയുടെ സഹായത്തോടെയാണ് അദാലത്തിനെത്തിയത്.
ഏറ്റുമാനൂർ വ്യാപാര ഭവനിൽ നടന്ന കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ അദാലത്തിൽ 75,347 രൂപയാണ് ഓമനക്ക് റിസ്ക്ക് ഫണ്ടായി ലഭിച്ചത്.