കോട്ടയം: തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ ഭാര്യ ഇംഗ്ലണ്ടിൽ. തട്ടിപ്പുകളിലൂടെ മാത്രം പ്രതി ബിജു സമ്പാദിച്ചത് കോടികൾ. ദേശ സാൽകൃത ബാങ്ക് അടക്കം നാലു ബാങ്കുകളിൽ നിന്നായി ഒന്നര കോടിയോളം രൂപയാണ് ബിജു തട്ടിയെടുത്തത്. ഇത്തരത്തിൽ വൻ തട്ടിപ്പ് നടത്തിയ ബിജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഒളിവിൽ കഴിയുകയുമായിരുന്നു. ഇതിനിടെയാണ് പാലാ ഡിവൈ.എസ്.പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പനയിലെ റിസോർട്ട് നിർമ്മാണ കേന്ദ്രത്തിൽ നിന്നും തട്ടിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാ ഏഴാച്ചേരി വെള്ളിലാപ്പള്ളി കട്ടക്കനടയിൽ വീട്ടിൽ ബിജു ജെ.കട്ടക്കലിനെയാണ് രാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.എൻ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിലാപ്പള്ളിയിലെ സ്വന്തം പേരിലുണ്ടായിരുന്ന വസ്തു, നാലു ബാങ്കുകളിലാണ് ഇയാൾ പണയം വച്ചത്. ഏഴാച്ചേരി സഹകരണ ബാങ്കിൽ വസ്തു പണയം വച്ച് 15 ലക്ഷവും, ജില്ലാ സഹകരണ ബാങ്കിൽ വസ്തു പണയം വച്ച് 42 ലക്ഷവും, കടനാട് ബാങ്കിൽ നിന്നും 63 ലക്ഷവും, കൊല്ലപ്പള്ളി ഫെഡറൽ ബാങ്കിൽ നിന്നും 15 ലക്ഷം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ഇത്തരത്തിൽ ഒന്നേകാൽ കോടി രൂപയാണ് ഇയാൾ പല ബാങ്കുകളിൽ നിന്നും തട്ടിയെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020 ജൂണിലാണ് ഇയാൾ നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്നു പാലാ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാലാ പൊലീസ് കേസെടുത്തതറിഞ്ഞ് പ്രതി സ്ഥലം വിടുകയായിരുന്നു. തുടർന്നു പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെപ്പറ്റി കൃത്യമായ സൂചന ലഭിച്ചിരുന്നില്ല. തുടർന്നു, ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പ്രതി ഒളിച്ചിരിക്കുന്ന സ്ഥലത്തെപ്പറ്റി നിർണ്ണായക സൂചന ലഭിച്ചു. തുടർന്നു, പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
കട്ടപ്പന ഉപ്പുതറ ഒൻപതേക്കറിൽ ഒരു ഏക്കർ സ്ഥലം വാങ്ങിയ പ്രതി, ഇവിടെ റിസോർട്ട് നിർമ്മിക്കുകയായിരുന്നു. ഈ റിസോർട്ട് നിർമ്മാണം പുരോഗമിക്കുമ്പോഴാണ് പൊലീസ് സംഘം സ്ഥലത്ത് എത്തുന്നത്. തുടർന്നു, പ്രതിയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്.ഐ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, കൃഷ്ണകുമാർ, ഷമീർ, ഷെറിൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പ്രതി ഈ സമയം റിസോർട്ട് നിർമ്മിക്കുകയായിരുന്നു. ഈ റിസോർട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.