ക്രമീകരണങ്ങൾ വൈകരുതെന്ന് എംഎൽഎ ; എരുമേലിയിൽ ഭക്തർ അഞ്ച് വീതമെന്ന് സബ് കളക്ടർ

എരുമേലി :
ഭക്തർ എത്ര വന്നാലും പേട്ടതുള്ളൽ നടത്താൻ അനുമതിയുള്ളത് അഞ്ച് പേർ വീതമുള്ള സംഘത്തിനാണെന്ന് സബ് കളക്ടർ. മുഴുവൻ വകുപ്പുകളിലും ഒരുക്കങ്ങൾ 16 നകം പൂർത്തിയാക്കണമെന്ന് എംഎൽഎ.

Advertisements

ഇന്നലെ എരുമേലി ദേവസ്വം ഹാളിൽ ശബരിമല തീർത്ഥാടന ക്രമീകരണങ്ങൾ സംബന്ധിച്ച് നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. കാനന പാത തുറക്കണമെന്നും പേട്ടതുള്ളൽ സംഘത്തിന്റെ അംഗബലം വർധിപ്പിക്കണമെന്നും വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. അയ്യപ്പ ഭക്തർക്ക് കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പിൽ നിന്നും കൂടുതൽ സേവനം ലഭ്യമാക്കണമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആവശ്യപ്പെട്ടു. കടകളിൽ മുഴുവൻ ജീവനക്കാരും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതാണെന്ന് തെളിയിക്കുന്ന രേഖ കൈവശം സൂക്ഷിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു. ഒരു ദിവസം കാൽ ലക്ഷം ഭക്തർക്കാണ് നിലവിൽ ശബരിമല ദർശനത്തിന് അനുമതി ഉള്ളതെന്നും സർക്കാർ തീരുമാനത്തിന് വിധേയമായി ഇതിൽ ഇനി മാറ്റങ്ങൾ വരാമെന്നും കോട്ടയം ജില്ലാ സബ് കളക്ടർ രാജീവ് കുമാർ ചൗധരി പറഞ്ഞു. യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായി. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും വീഴ്ച പാടില്ലെന്നും എംഎൽഎ പറഞ്ഞു. കാനന പാതയും കുളിക്കടവുകളും അടച്ചിടും. റോഡുകളിൽ വെള്ളക്കെട്ടില്ലെന്ന് പൊതുമരാമത്ത്, ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പാക്കിയിരിക്കണം. തുടർച്ചയായി മഴ പെയ്താൽ റോഡുകൾ പ്രളയസമാനമായി മാറരുത്. ഓടകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. നദികളുടെയും തോടുകളുടെയും സമീപമുള്ള തീർത്ഥാടന പാതകൾ സുരക്ഷിതമായിരിക്കണം. ഇക്കഴിഞ്ഞ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെ റോഡുകളുടെ സ്ഥിതി പരിശോധിക്കണം. റോഡുകളിൽ നിന്നും മഴ വെള്ളം ഓടകളിലേക്ക് ഒഴുകുന്നുണ്ടെന്നും വെള്ളക്കെട്ട് ഉയരാതിരിക്കാനുള്ള പണികൾ അടിയന്തിരമായി നടത്തുകയും വേണമെന്നും എംഎൽഎ നിർദേശിച്ചു. ഷവർ ബാത്തുകളിൽ മാത്രമാണ് അയ്യപ്പ ഭക്തർക്ക് സ്നാനം നടത്താൻ അനുമതിയുള്ളത്. എരുമേലി ക്ഷേത്ര കുളിക്കടവിൽ ഇതിനുള്ള സംവിധാനമുണ്ട്. തീർത്ഥാടന പാതകളിലെ കുളിക്കടവുകൾ അടച്ചിടാനാണ് കോവിഡ് നിയമം മുൻനിർത്തി തീരുമാനമായിരിക്കുന്നത്. പൂർണമായും കോവിഡ് നിയമങ്ങൾക്ക് വിധേയമായാണ് ക്രമീകരണങ്ങൾ എകോപിപ്പിച്ചിരിക്കുന്നതെന്നും ഭക്ത സംഘടനകൾ ഇതിനോട് സഹകരിക്കണമെന്നും സബ് കളക്ടർ പറഞ്ഞു. നിലവിൽ കോവിഡ് നിയമങ്ങൾക്ക് അനുസരിച്ചല്ലാതെ ഇളവുകളോ മാറ്റങ്ങളോ വരുത്താൻ അനുമതി ഇല്ലെന്നുള്ളത് എല്ലാവരും ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സീസൺ ആരംഭിച്ച ശേഷം റോഡുകൾ വെട്ടിപ്പൊളിക്കുന്ന പണികൾ നടത്താൻ അനുമതി നൽകുന്നതല്ല. നിലവിൽ കുടിവെള്ള വിതരണ കുഴലുകൾ റോഡുകൾ വെട്ടിപ്പൊളിച്ച് സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ജല അതോറിറ്റിയിലെ പണികൾ ഉടനെ പൂർത്തിയാക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. പെട്രോൾ – ഡീസൽ, പാചക വാതക ഇന്ധന വില ഉയർന്നതിനാൽ ടാക്സി, ഭക്ഷണ നിരക്കുകളിൽ വർധനവ് വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. ആർടിപിസിആർ ടെസ്റ്റ്‌, വാക്സിനേഷൻ ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കാഞ്ഞിരപ്പള്ളി തഹസീൽദാർ ബിനു സെബാസ്റ്റ്യൻ, എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജ്‌, ദേവസ്വം എ ഒ സതീശൻ, ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ ഇർഷാദ്, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് അനിയൻ എരുമേലി, ബിജെപി നിയോജക മണ്ഡലം സെക്രട്ടറി കെ ആർ സോജി, അയ്യപ്പ സേവാ സമാജം സംസ്ഥാന ഭാരവാഹി മനോജ്‌ എസ് നായർ, വ്യാപാരി വ്യവസായി എകോപന സമിതി യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ, വില്ലേജ് ഓഫിസർ ടി ഹാരിസ്, പഞ്ചായത്ത്‌ സെക്രട്ടറി രാജീവ് തുടങ്ങിയവർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Hot Topics

Related Articles