തിരുവനന്തപുരം: സ്വര്‍ണകടത്തുക്കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബീകോം സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കിയയാള്‍ അറസ്റ്റില്‍.ഐടി വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ ജോലി ലഭിക്കുന്നതിനായി സ്വപ്ന ഹാജരാക്കിയത് മുംബയ് ബാബാ സാഹിബ് സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബീകോം സര്‍ട്ടിഫിക്കറ്റാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അമൃത്സര്‍ സ്വദേശി സച്ചിന്‍ദാസാണ് അറസ്റ്റിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പഞ്ചാബില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട‌് വര്‍ഷത്തിന് ശേഷമാണ് പ്രതിയുടെ അറസ്റ്റുണ്ടാവുന്നത്. 2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സ്വപ്ന പഠനം പൂര്‍ത്തിയാക്കിയെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. ഒരു ലക്ഷം രൂപ മുടക്കി പഞ്ചാബില്‍ നിന്ന് വാങ്ങിയ സര്‍ട്ടിഫിക്കറ്റാണ് ഇതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.മൂന്നേകാല്‍ ലക്ഷത്തോളം രൂപയുടെ മാസശമ്ബളത്തിലാണ് സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂര്‍ണ അറിവോടെതന്നെയാണ് എം ശിവശങ്കര്‍ നിയമിച്ചതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ജോലിക്കായി അപേക്ഷിക്കുകയോ അഭിമുഖത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.
