വാർത്ത:
വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ കൂട്ടത്തല്ലിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ഹരിപ്പാടിന് സമീപം മുട്ടത്തെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം. വരന്റെ സുഹൃത്തുക്കളിൽ ചിലർ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ വിളമ്പുന്നവർ പപ്പടം നൽകില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്നുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു പലസ്പരം തല്ലിയത്. ഓഡിറ്റോറിയം ഉടമ മുരളീധരൻ(65), ജോഹൻ(21), ഹരി(21) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു.
വാർത്ത പുറത്തു വരികയും, വൈറലായി മാറുകയും ചെയ്തതോടെയാണ് ഫോട്ടോഗ്രാഫറും സിനിമാ താരവുമായ അരുൺ പുനലൂർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കല്യാണം ‘ കലക്കാൻ ‘ പോണോരോട് ഒരു ഫോട്ടോഗ്രാഫറുടെ അപേക്ഷ…????
എനിക്കീ വാർത്ത കണ്ടിട്ട് വല്യ അത്ഭുതം ഒന്നും തോന്നിയില്ല…
കഴിഞ്ഞ 25 വർഷത്തെ കല്യാണ പടം പിടുത്ത ചരിത്രത്തിൽ
മസാല (ഇറച്ചി), ചിക്കന്റെ പീസ്, അച്ചാർ, പപ്പടം മുതലായ പല ഐറ്റംസിന്റെയും പേരിൽ പൊരിഞ്ഞ അടികൾ നേരിട്ട് കണ്ടിട്ടുണ്ടെന്നു മാത്രമല്ല പലയിടത്തും അടി കിട്ടാതിരിക്കാൻ ക്യാമറയും ചുമന്നു ഓടിത്തള്ളിയിട്ടുമുണ്ട്…
എന്റെ അനുഭവത്തിൽ അൽപ്പം മിനുങ്ങിയിട്ട്
ചാപ്പാട് അടിക്കാൻ വരുന്ന ചിലരും എന്തിനുമേതിനും കുരു പൊട്ടിക്കുന്ന അമ്മാവന്മാരുമൊക്കെയാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നത്..
മിനുങ്ങിയിട്ട് വരുന്ന ചേട്ടന്മാർ ഇടക്കിടക്ക് ഊണിനിടക്ക് ഓരോന്ന് വീണ്ടും വീണ്ടും ചോദിച്ചു എടങ്ങേറുണ്ടാക്കും..
ആദ്യമൊക്കെ വിളമ്പുന്നവർ കൊടുക്കും..
ചിലർ കൊടുക്കില്ല…
ചോദ്യം കേട്ട ഭാവം കാണിക്കാതെ നിക്കും…
അതോടെ മിന്നായം അടിച്ചിട്ട് ഉണ്ണാൻ വന്ന ടീമ്സിന് കുരുപൊട്ടും..
ഇത് മിക്കപ്പോഴും ചെറുക്കന്റെ കൂട്ടരായി വരുന്നവരാകും…
ചെക്കന്റെ ഭാഗത്ത് വച്ചു കല്യാണം നടത്തുന്നതാണേൽ പെണ്ണിന്റെ കൂടെ വരുന്നവർ..
ചോദ്യം മുറുകി ‘ പൂ മ ക ‘ തുടങ്ങി ലാംഗ്വേജ് മാറുന്നത്തോടെ വിളമ്പാൻ നിക്കുന്നവർ കല്യാണം നടത്തുന്നവരുടെ ബന്ധുക്കളോ അടുപ്പക്കാരോ ഒക്കെയാണെൽ പടെന്ന് അടി വീഴും..
ക്യാറ്ററിംഗ്കാരാണെൽ കുറേക്കൂടി ക്ഷമിച്ചിട്ടേ അടി തുടങ്ങൂ…
തുടങ്ങിയാപ്പിന്നെ പറയണ്ട സാമ്പാറിന്റെ തൊട്ടിയും പഴം കൊണ്ടു വരുന്ന ബേയ്സനും ഒക്കെക്കൊണ്ടാകും അടി…
ഇരിക്കുന്ന കസേരയെടുത്താകും ഇപ്പുറത്ത് നിന്നുള്ള പ്രതിരോധം..
പക്ഷെ പലപ്പോഴും മദ്യം തലക്ക് പിടിച്ച ടീമിന് അധിക നേരം പിടിച്ചു നിൽക്കാൻ പറ്റാണ്ടാകും..
അപ്പോഴേക്കും അവരുടെ കൂടെ വന്നവർ ഇതറിഞ്ഞു പാഞ്ഞു വന്നു പിടിച്ചു മാറ്റലും കൂട്ടയടിയും കൊഴുക്കും…
കസേരയും പ്ളേറ്റുമോക്കെ അന്തരീക്ഷത്തിലൂടെ പറക്കും മേശകൾ ചവിട്ടിയോടിക്കും..
ആളുകൾ പ്രാണരക്ഷാർത്ഥം നിലയും വിളിച്ചുകൊണ്ടു ഓടിത്തള്ളും…
ചിലയിടത്തു രണ്ടു ഭാഗക്കാരും ചേരി തിരിഞ്ഞു പോര് വിളിക്കും…
ചെറുക്കനും പെണ്ണും വീട്ടുകാരുമൊക്കെ ഇതിനിടയിൽ കിടന്നു ഉരുകും…
ഒരു ബന്ധം തുടങ്ങുന്ന സന്തോഷ നിമിഷം ദുരന്തമായി മാറുന്നത്തോടെ പലപ്പോഴും അവർക്കിടയിൽ അതുവരെ ഉള്ള സ്വരച്ചേർച്ചെയും ഇല്ലാതാകും…
അങ്ങനെ നെഞ്ചു കീറി കരയുന്ന കല്യാണപ്പെണ്ണുങ്ങളെയും അമ്മമാരെയും കണ്ടിട്ടുണ്ട്…
അതുവരെ സന്തോഷം അലയടിച്ചിരുന്ന കല്യാണ പരിസരം യുദ്ധഭൂമി പോലെയാകും… മൊത്തം തല്ലിത്തകർക്കും…
ഒടുക്കം ഈ തല്ലുണ്ടാക്കിയവരെല്ലാം എങ്ങോട്ടോ പോകും…
വര്ഷങ്ങളോളം ഗൾഫിൽ കിടന്ന് അടുക്കളപ്പണി ചെയ്തുണ്ടാക്കിയ കാശും കൊണ്ടുവന്നു തനിക്ക് ഇളയതുങ്ങളായ മൂന്ന് പെൺകുട്ടികളെ കെട്ടിച്ചു വിടാനായി സ്വന്തം ജീവിതം മാറ്റിവച്ചൊരു സഹോദരി ഓഡിറ്റൊറിയത്തിനു മുന്നിൽ ഇരുന്ന് നെഞ്ചു പൊട്ടി നിലവിളിച്ചൊരു കാഴ്ച ഇപ്പോഴും ഓർമ്മയിലുണ്ട്…
ഒരു ആയുസിന്റെ അധ്വാനം കൊണ്ടു കല്യാണത്തിനായി കൂട്ടിവച്ചു കഷ്ടപ്പെട്ട വീട്ടുകാർ നാണക്കേട് കൊണ്ടു നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റാത്താകും…
മദ്യപിച്ചാൽ മാത്രമേ കല്യാണം ഉണ്ണൂ എന്നു നിർബന്ധം ഉള്ളവർ അവരുടെ കലാപരിപാടി നടത്തി മുങ്ങും…
അതിന്റ ബാക്കിയായുണ്ടാകുന്ന പ്രശ്നങ്ങൾ
ഒക്കെ ആരോർക്കാൻ…
മനസമാധാനം നഷ്ടപ്പെട്ടു വരന്റെ വീട്ടിൽ ചെന്ന് കേറുന്ന പെണ്ണിനെ ആ നിമിഷം മുതൽ അവിടുള്ള പലരും ശത്രുവിനെപ്പോലെ കണ്ടു കുത്ത് വാക്കുകൾ കൊണ്ടു നോവിക്കും…
പിന്നീട് അങ്ങോട്ടുള്ള ആ കുട്ടിയുടെ അവിടുത്തെ ജീവിതം എത്ര ദുസഹമാകും എന്നുള്ളത് എടുത്തു പറയണ്ടല്ലോ
അതുകൊണ്ട് കല്യാണം ഉണ്ണാൻ പോണോരോട് ഒരപേക്ഷയുണ്ട്…
ദയവു ചെയ്തു നമ്മുടെ ഈഗോയും മുഷ്ക്കും മസിൽ പവ്വറും കാണിക്കാനുള്ള ഒരിടമായി കല്യാണങ്ങളെ കാണരുത്…
രണ്ട് പേരുടെയും,അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിലെ ഒരു സന്തോഷ ദിവസം നമ്മളായിട്ട് പോയി കലക്കിക്കൊടുക്കരുത്…
NB : ആരെയും മനഃപൂർവം കുറ്റം പറയുകയല്ല..അൽപ്പം ക്ഷമ കാണിച്ചാൽ ഇതൊക്കെ ഒഴിവാക്കാം എന്ന ബോധ്യം ഉള്ളത് കൊണ്ടു എഴുതിയതാണ്… ????