മമ്മൂട്ടിക്കാലം
മോഹൻലാൽ ചിരിക്കുമ്പോൾ ഒരു പൂക്കാലമൊന്നാകെ വിരിയുന്നതുപോലെയാണെന്ന് വിശേഷിപ്പിച്ചത് കമലഹാസനാണ്.മമ്മൂട്ടി ചിരിക്കുമ്പോഴോ?
തിരശ്ശീലയിൽ മിക്കപ്പോഴും ഗൗരവത്തിന്റെ പ്രതിരൂപമായി ചിത്രീകരിക്കപ്പെട്ടൊരാൾ ആ ടാഗിന്റെ കീഴെ നിന്നുകൊണ്ട് എത്രയെത്ര തരം ചിരികളാലാണെന്നോ നമ്മെ വിഭ്രമിപ്പിച്ചിരിക്കുന്നത്?!ഓർമ്മയിലേറ്റവും തീവ്രമായി തിളച്ചു നിൽക്കുന്ന മമ്മൂട്ടിച്ചിരി ഏതു ഭാവത്തിന്റെ ശേഷപത്രമാണെന്നു പോലും തിരിച്ചറിയാനാവാത്ത അവ്യാഖ്യേയമായ നിഗൂഢതയുടേതാണ്.മുന്നറിയിപ്പിന്റെ ക്ലൈമാക്സിലെ അയാളുടെ ചിരിയ്ക്ക് മുൻമാതൃകകളോ,പിന്തുടർച്ചകളോ ഇല്ല.അത്രമേൽ സ്വകീയവും,അനന്യവുമാണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിധേയനിൽ മമ്മൂട്ടിയുടെ ചിരിയ്ക്ക് ആസുരഛായയാണ്.കാണുന്നവനിൽ അറപ്പും,വെറുപ്പും ആവോളം നിറയ്ക്കുന്നതാണ് ഭാസ്കരപട്ടേലരുടെ ചിരികളൊക്കെയും തന്നെ.അവിടെ നിന്നും പൊന്തൻമാടയിലേക്കെത്തുമ്പോൾ ദൈന്യതയാണ് മുന്നിട്ടു നിൽക്കുന്നത്.ചിരിക്കാനറിയാത്തവന്റെ നട്ടപ്പൊരിവെയിലത്തു നിൽക്കുമ്പോഴുള്ള മുഖം കോട്ടലായി അത് പരിണമിക്കുന്നുണ്ട്.ടി.വി.ചന്ദ്രൻ പറയുന്നതുപോലെ എവിടെ നിന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ സൂക്ഷ്മമായ ട്രെയിറ്റുകൾ പോലും പകർത്തിയെടുക്കുന്നത് എന്ന കാര്യം അമ്പരപ്പിക്കുന്നതാണ്.പാർശ്വവത്കരിക്കപ്പെട്ടവന്റെ ചിരിയുടെ വകഭേദങ്ങൾ കറുത്ത പക്ഷികളിലും,മൃഗയയിലും കാണാം.ഒന്നിനും മറ്റൊന്നിനോട് സാമ്യതയില്ലാത്ത വിധം വൈവിദ്ധ്യമേറിയവയാണ് അവയൊക്കെയും തന്നെ.അകം തിളയ്ക്കുമ്പോൾ പുറത്തു വരുന്ന പേശീചലനങ്ങളെ ചിരിയെന്ന് വിളിക്കാമോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധമാണ് മാട ചിരിക്കാറുള്ളത്.ആ മുഖചലനങ്ങളിലെവിടെയും സുന്ദരമായ താരപുഞ്ചിരിയുടെ വിദൂരഛായ പോലുമുണ്ടാകാറില്ല എന്നതാണതിശയം.
പ്രണയവും,ലാസ്യതയുമാണ് ലാൽ ചിരികളുടെ ഫീച്ചറുകളെങ്കിൽ മമ്മൂട്ടിയിലത് മിക്കപ്പോഴും ആത്മപ്രകാശനത്തിന്റേതാണ്.ഗോളാന്തരവാർത്തയിൽ കാരക്കുടി ദാസനെ എല്ലാവരും പേടിക്കുമ്പോഴും ഹൃദയഹാരിയായ ഒരു ചിരിയാലാണ് രമേശൻ നായർ അയാളെ നേരിടുന്നത്.മഴയെത്തും മുൻപെയിൽ ശോഭനയെ ചേർത്തുപിടിക്കുമ്പോൾ അയാളുടെ മുഖത്തത് തിളച്ചു തൂവുന്ന പ്രണയാഗ്നിയായല്ല തെളിയുന്നത്,മറിച്ച് കരുതലിന്റെ നിലാസ്പർശമായാണ്.മുഖത്തു നിന്നും ശരീരത്തിന്റെ ഓരോ അണുവിലേക്കും പ്രസരിക്കുന്ന മമ്മൂട്ടിച്ചിരി കാണമെങ്കിൽ അമരത്തിലെ അച്ചൂട്ടിയെക്കണ്ടാൽ മതി.കോട്ടയം കുഞ്ഞച്ചനിലും,ലൗഡ് സ്പീക്കറിലുമൊക്കെയെത്തുമ്പോൾ ഹൃദയമപ്പാടെ മുഖത്തൊരു ചിരിയിൽ വിടരുന്നതു കാണാം.പാലേരി മാണിക്യത്തിലെ വിടലച്ചിരിയിൽ തെളിയുന്ന പല്ലുകൾക്കിടയിലെ വിടവ് ആ ചിരിക്കു സമ്മാനിക്കുന്ന ക്രൗര്യത്തിന്റെ ഛായ എന്റെയുറക്കം ഏറെ കെടുത്തിയിട്ടുണ്ട്.അയാളുടെ ചിരികൾക്ക് ഓരോ രൂപങ്ങളിലും അനവധി അർത്ഥങ്ങളായിരുന്നു.
മമ്മൂട്ടി എന്റെ സിനിമാക്കാഴ്ച്ചകളിലടയാളപ്പെടാറുള്ളത് ഏകമാനകത്തിന്റെ അത്യുന്നതങ്ങളിലല്ല;മറിച്ച് അങ്ങേയറ്റം വലിച്ചു നീട്ടപ്പെടുന്ന ഫീൽഡ് ഓഫ് പെർഫോമൻസ് സ്കോപ്പിനോടുള്ള അയാളുടെ അദമ്യമായ പ്രണയം കൊണ്ടാണ്.
മമ്മൂട്ടിയോളം മികച്ച രീതിയിൽ കരിയറിൽ ആക്ടിംഗ് ഫോം നിലനിർത്തിയിട്ടുള്ള മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടാവുമെന്നു തോന്നുന്നില്ല.തൊണ്ണൂറുകളിൽ അച്ചൂട്ടിയും,ബാലൻ മാഷും, വാറുണ്ണിയും കീറിമുറിച്ച അതേ ശബ്ദയിടർച്ചകളാണ് കഥ പറയുമ്പോളിലും, പേരൻപിലും നമ്മളെ നോവിന്റെ മുൻപാരും സ്പർശിക്കാത്ത ഭൂമികകളിലേക്കെത്തിക്കുന്നത്. പരോളുകളും,ഷൈലോക്കുകളും, ഗ്യാംഗ്സ്റ്ററുകളും കൊട്ടക്കണക്കിന് ചെയ്യുമ്പോഴും ഒരമുദവൻ വന്നെത്തി നോക്കുമ്പോൾ അയാളെ ചേർത്തുപിടിച്ച്, അയാളെ മുഴുവനായും പഠിച്ച്,ഒടുവിൽ അയാളായി പകർന്നാടുന്ന ആ മമ്മൂട്ടി ടെക്നിക്കാണ് ആക്ടിംഗ് അപ്ഡേറ്റുകളുടെ അവസാനവാക്കായി അയാളെ പ്രതിഷ്ഠിക്കുന്നത്.അത്രത്തോളം വലുതാണ് അയാൾക്കാ പാഷൻ.”നിങ്ങൾക്കെന്നെ തല്ലാം, കൊല്ലാം. പക്ഷേ എന്റെ മോനെ ഞാൻ സ്നേഹിച്ചില്ലെന്നു മാത്രം നിങ്ങൾ പറയരുത്” എന്ന് കേഴുന്ന പപ്പയുടെ സ്വന്തം അപ്പൂസിലെ ഡാഡിയിൽ നിന്നും, മകൾ കാമാതുരയായി ടി.വി. സ്ക്രീനിൽ നായകനെ ചുംബിക്കാൻ ശ്രമിക്കുന്ന രംഗം നോക്കി നിൽക്കാൻ കഴിയാതെ നിസ്സഹായനായി ചുമരിൽ തലയിട്ടിടിക്കുന്ന പേരൻപിലെ അച്ഛനിലേക്കുള്ള കാൽ നൂറ്റാണ്ടിലധികം വരുന്ന ദൂരം അയാളെത്ര കുറഞ്ഞ കാലടികളിലാണ് നടന്നു തീർക്കുന്നതെന്ന് അതിശയത്തോടെയല്ലാതെ കണ്ടുനിൽക്കാൻ സാധിക്കില്ല.അന്നത്തെ സ്കിൽ രാകി മിനുക്കപ്പെട്ടതല്ലാതെ ഒട്ടുമേ മൂർച്ച കുറഞ്ഞിട്ടില്ല.
എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ്. കാരണം,നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കഥകളാണെന്ന വാചകത്തെ നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെ ഒരു 70 എം.എം.സ്ക്രീനിൽ നമുക്കനുഭവിപ്പിച്ചു തരാൻ ആകുമെന്ന് തെളിയിച്ച ഒരു ജാലവിദ്യക്കാരനാണ് അയാൾ.അയാൾ ചെയ്തു ഫലിപ്പിച്ചതൊന്നും- ബാലൻ മാഷും, അച്ചൂട്ടിയും, രാഘവൻ നായരും, രവിശങ്കറും,അമുദവനും ഒന്നും- വെറും കഥാപാത്രങ്ങളായിരുന്നില്ല.അവയൊക്കെയും ജീവിതങ്ങളായിരുന്നു ;കണ്ണീരിനാലും, പ്രതീക്ഷകളാലും, സ്നേഹത്താലും കുഴഞ്ഞുമറിഞ്ഞ് രൂപമറ്റ ജീവിതങ്ങൾ.
പ്രിയപ്പെട്ട നടന്,ജരാനരകൾ ബാധിക്കാത്ത ആ അൺഫ്ലിഞ്ച്ഡ് പാഷന്,ജന്മദിനാശംസകൾ