കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ വാഹനവുമായി തട്ടിയതിനെ തുടർന്നു, എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ട് അടിച്ച ശേഷം ഓടിരക്ഷപെട്ട യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.പിയുടെ ഔദ്യോഗിത വാഹനത്തിൽ അടിച്ചതിനെ തുടർന്നു പൊലീസ് യുവാവിനെ അന്വേഷിക്കുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ജിജോ (26) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുമരകം ഭാഗത്ത് രണ്ടു യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇവരുടെ ബൈക്ക് എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ തട്ടിയതായി ആരോപണം ഉയർന്നു. ഇതിനു ശേഷം യുവാക്കളുടെ സംഘം എസ്.പിയുടെ വാഹനത്തെ പിൻതുടരുകയും, കുമരകത്ത് എടിഎമ്മിനു മുന്നിൽ നിർത്തിയിട്ടിരുന്ന എസ്.പിയുടെ വാഹനത്തിൽ ഇടിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത് ചോദ്യം ചെയ്ത പൊലീസുകാരെ കണ്ട് യുവാക്കൾ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് കയറുകയും ചെയ്തു. ഇവർ അറിയിച്ചത് അനുസരിച്ച് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും ബാർ ഹോട്ടലിൽ പരിശോധന നടത്തി. എന്നാൽ യുവാക്കളെ കണ്ടെത്താനായില്ല.
രാത്രി പന്ത്രണ്ട് മണിയോടെ ബാർ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് യുവാവിനെ ബാറിനു പുറകിലെ സ്വകാര്യ വ്യക്തിയുടെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു, ഹോട്ടൽ ജീവനക്കാർ വിവരം കുമരകം പൊലീസിൽ അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പോലും പൂർത്തിയാക്കാതെ യുവാവിന്റെ മൃതദേഹം രാത്രിയിൽ തന്നെ ആശുപത്രിയിലേയ്ക്കു മാറ്റിയതായി നാട്ടുകാർ ആരോപിക്കുന്നു.
ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പകൽ വെളിച്ചത്തിൽ ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടങ്ങളെല്ലാം മറികടന്ന് പൊലീസ് സംഘം മൃതദേഹം അതിവേഗം ആശുപത്രിയിലേയ്ക്കു മാറ്റിയതാണ് ദുരൂഹമായി തുടരുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി അടക്കം കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ, വാഹനത്തിനുള്ളിൽ തന്റെ പഴ്‌സണൽ അസിസ്റ്റന്റും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നതെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ബൈക്കിലെത്തിയ രണ്ടു യുവാക്കൾ എടിഎമ്മിലെത്തിയ ഡ്രൈവറോടും, പഴ്‌സണൽ അസിസ്റ്റ്ന്റിനോടും തട്ടിക്കയറുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. പൊലീസ് സംഘം എത്തിയതോടെ യുവാക്കൾ ഇവിടെ നിന്നും രക്ഷപെടുകയും ചെയ്തു. പിന്നീട് സംഭവിച്ച കാര്യങ്ങളിലൊന്നും പൊലീസ് ഉദ്യോഗസ്ഥർക്ക ബന്ധമില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.