കോട്ടയം: കോട്ടയത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾക്കു നേരെ വ്യാപകമായ കല്ലേറ്. കുറിച്ചിയിലും, കോട്ടയം നഗരത്തിൽ തെക്കും ഗോപുരത്തും, തെള്ളകത്തും, അയ്മനത്തും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായി. ബസുകൾക്ക് നേരെ കല്ലേറുണ്ടായ പശ്ചാനത്തലത്തിൽ കോട്ടയം ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി അധികൃതർ നിർത്തി വച്ചു. ബൈക്കിലെത്തിയ സംഘമാണ് വ്യാപകമായി കല്ലേറും അക്രമവും നടത്തിയത്.
കോട്ടയം – കല്ലുങ്കത്ര റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്. ബസ്സിന്റെ മുൻ വശത്തെ ചില്ല് തകർന്നു. അയ്മനം കവലയിൽ വച്ച് ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിലും ഇന്ന് കെഎസ്ആർടിസി ബസുകൾ സാധാരണഗതിയിൽ സർവീസ് നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെള്ളകത്തും കുറിച്ചിയിലും തെക്കുംഗോപുരത്തും ബൈക്കിലെത്തിയ സംഘമാണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. കോട്ടയം തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലാണ് തെക്കുംഗോപുരത്ത് വച്ച് എറിഞ്ഞ് തകർത്തത്. ഇതേ തുടർന്നാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ അവസാനിപ്പിക്കാൻ ഡിപ്പോ അധികൃതർ തീരുമാനിച്ചത്. ജില്ലയിൽ രാവിലെ ഡിപ്പോകളിൽ നിരവധി യാത്രക്കാർ എത്തിയിരുന്നു. എന്നാൽ, പിന്നീട് യാത്രക്കാർ സ്റ്റാൻഡുകളിൽ എത്തിയില്ല. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ സർവീസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എല്ലാ സ്ഥലത്തും ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയിൽ നൂറോളം പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹർത്താൽ ഈരാറ്റുപേട്ടയിൽ ശക്തം. രാവിലെ 7 മണിയോടെ തന്നെ പ്രവർത്തകർ കൂട്ടമായി ടൗണിൽ എത്തി റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാവിലെ ഈരാറ്റുപേട്ട മുട്ടം കവലയിലാണ് വലിയ പ്രതിഷേധ പ്രകടനം നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നൂറിലധികം പോലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുള്ളത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് വാഹനങ്ങൾ കടത്തിവിടുന്നുണ്ട് . കെഎസ്ആർടിസി ബസ്സുകളും പ്രതിഷേധക്കാർക്കിടയിലൂടെ കടന്നുപോയി. മുട്ടം കവലയിൽ നിന്നും ഈരാറ്റുപേട്ട ടൗണിലേക്ക് പ്രതിഷേധ പ്രകടനവും നടന്നു.