കൊച്ചി: കൊച്ചിയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാ ജീവനക്കാർക്ക് കോൺഗ്രസ് പ്രവർത്തകരുടെ മർദനം. സച്ചിൻ പൈലറ്റിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച പ്രവർത്തകരെ തടഞ്ഞതിനു പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഇത് സംഘർഷത്തിൽ എത്തിച്ചേരുകയും ചെയ്തത്. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് കോൺഗ്രസ് പ്രവർത്തകരെ പിൻതിരിപ്പിച്ചതും സംഘർഷം ഒഴിവാക്കിയതും. ബുധനാഴ്ച ഉണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നാണ് പുറത്ത് വന്നിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങൾ. കൊച്ചിയിൽ എത്തിയ യാത്രയുടെ ആദ്യാവസാനം രാഹുൽ ഗാന്ധിയ്‌ക്കൊപ്പം സച്ചിൻപൈലറ്റും ഉണ്ടായിരുന്നു.
ബുധനാഴ്ച കുമ്പളം ടോൾ പ്ലാസയിൽ നിന്ന് ആരംഭിച്ച ഭാരത് ജോടോ യാത്ര 11മണിയോടെ ഇടപ്പള്ളിയിൽ സമാപിച്ചപ്പോഴായിരുന്നു സംഭവം. യാത്രയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന സച്ചിൻ പൈലറ്റ് ഇടപ്പള്ളിയിൽ വെച്ച് സ്വന്തം വാഹനത്തിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ പ്രവർത്തകർ സച്ചിനടുത്തേക്ക് പാഞ്ഞെത്തി സച്ചിനെ വളഞ്ഞു. ഇതോടെ പ്രവർത്തകർ സച്ചിനൊപ്പം സെൽഫി എടുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, സെൽഫി എടുക്കാനും മറ്റുമുള്ള ശ്രമങ്ങൾ നടത്തിയത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തകരെ തള്ളിമാറ്റി. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് നേരിയ തോതിൽ കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പ്രവർത്തകർ ആക്രമിച്ചത്. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിൻതിരിപ്പിച്ചത്. സംഭവത്തിൽ പരാതികൾ ഒന്നും ഇരുകൂട്ടരുടെയും ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാൽ, സംഘർഷത്തിന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.