കൊച്ചി : കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണ് കേരളാപോലീസ്. പുതിയ കണക്കുകൾ പ്രകാരം മിസ്സിംഗ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും , ചൈൽഡ് മിസ്സിംഗ് കേസുകളിൽ 93.3 ശതമാനവുമാണ് കേരളപോലീസിൻ്റെ ശരാശരി.
“കാണ്മാനില്ല” എന്നത് മറ്റു സംസ്ഥാനങ്ങളിൽ പരാതികൾ മാത്രമാകുമ്പോൾ കേരളത്തിലിത് എഫ്. ഐ ആർ രജിസ്റ്റർ ചെയ്താണ് (കേരള പോലീസ് ആക്ടിലെ സെക്ഷൻ 57 പ്രകാരം) അന്വേഷിക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിലേക്ക് ഊർജിതമായ അന്വേഷണം നടത്താൻ ഇത് കരണമാകുന്നുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തെ ഞെട്ടിച്ച നരബലി ഉൾപ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം ഇത്തരം മിസ്സിംഗ് കേസ് ആണെന്നതിൽ തന്നെ കേരള പോലീസ് ഇത്തരം കേസുകൾക്ക് നൽകുന്ന പ്രധാന്യം മനസിലാക്കാം.
മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ സ്റ്റേഷൻ SHO FIR രജിസ്റ്റർ ചെയ്ത് ഊർജ്ജിത നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിക്കുന്നു. വിവരം സബ് ഡിവിഷണൽ ഓഫീസർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയും അതാത് ജില്ലാ പോലീസ് കൺട്രോൾ റൂമിലും വിവരം ഉടൻ റിപ്പോർട്ട് ചെയ്യുന്നു. FIR എടുത്തിട്ട് 15 ദിവസങ്ങൾക്ക് ശേഷവും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ / ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള District Missing Persons Tracing Unit (DMPTU) കൾ അന്വേഷണം ഏറ്റെടുക്കുന്നു.
കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം തന്നെയാണ് മിസ്സിംഗ് കേസുകളിലും പോലീസ് ഉറപ്പാക്കുന്നത്. മിസ്സിംഗ് കേസുകളിൽ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നുവെന്ന് അതാത് ജില്ലാ പോലീസ് മേധാവികൾ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തുന്നു. റേഞ്ച് ഓഫീസർമാരും മേഖലാ IG മാരും തങ്ങളുടെ ദൈനംദിന നിർദ്ദേശങ്ങളിലും കുറ്റാവലോകന
യോഗങ്ങളിലും മിസ്സിംഗ് കേസുകൾ കൃത്യമായി വിലയിരുത്തുന്നുണ്ട്.