ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവുമെന്ന അവബോധത്തിലേക്ക് കുറെയെല്ലാം ആളുകൾ എത്തിച്ചേരുന്നൊരു സാഹചര്യമാണ് ഇപ്പോഴുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ വിഷയത്തിന് കൂടുതൽ പ്രാധാന്യം എല്ലായിടത്തും ലഭിക്കുന്നുമുണ്ട്. എങ്കിൽ പോലും ഇന്നും അർഹിക്കുന്ന പ്രാധാന്യം മാനസികാരോഗ്യത്തിന് ലഭിക്കുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്.
പലപ്പോഴും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ചുറ്റുപാടുകൾ വ്യക്തികൾക്ക് ഉണ്ടാകുന്നില്ലെന്നതാണ് സത്യം. ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ വ്യക്തികൾക്ക് സ്വയം മനസിലാക്കാനും പരിഹരിക്കാനുമെല്ലാം സാധ്യമാണ്. അത്തരത്തിൽ സ്വയം പരിശോധിക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങൾ മാനസികമായി ശക്തരാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
1) നിങ്ങൾ മാനസികമായി ശക്തി നേടിയവരാണെങ്കിൽ നിങ്ങൾക്ക് മറ്റുള്ളവരോട് കരുതലോടെയും കരുണയോടെയും പെരുമാറാൻ സാധിക്കും. മറ്റൊന്നും പ്രതക്ഷിക്കാതെ തന്നെ മറ്റുള്ളവർക്കായി പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും.
2) മറ്റൊരാളിൻറെ അഭിപ്രായപ്രകാരം സ്വന്തം തീരുമാനം പുനപരിശോധിക്കാനും അത് മാറ്റാനും നിങ്ങൾ തയ്യാറാകാറുണ്ടോ? അതോ ആര്- എന്തുതന്നെ പറഞ്ഞാലും നിങ്ങൾ നിങ്ങളുടെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുമോ? മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും അതുവഴി സ്വന്തം തീരുമാനങ്ങൾ മാറ്റാൻ തയ്യാറാവുകയും ചെയ്യുന്നതാണ് ‘മെൻറലി സ്ട്രോംഗ്’ ആണെന്നതിൻറെ ഒരു തെളിവ്.
3) നിങ്ങൾ സ്വന്തം തെറ്റുകൾ അംഗീകരിക്കാൻ മനസ് കാണിക്കുന്നവരാണെങ്കിൽ ഇതും നിങ്ങളുടെ മനസിൻറെ ശക്തി തന്നെയാണ് വെളിവാക്കുന്നത്. പലരും ഇക്കാര്യത്തിൽ ഏറെ പിറകിലാണെന്നത് ശ്രദ്ധിക്കണം. അതുപോലെ തന്നെ എപ്പോഴും സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതും ശക്തമായ മനസിൻറെ സ്വാധീനമായി മനസിലാക്കുക.
4) ക്ഷയമോടുകൂടി കാര്യങ്ങൾ കൈകാര്യം ചെയ്യാനും മറ്റുള്ളവരോട് പെരുമാറാനും സാധിക്കുന്നുവെങ്കിൽ അതും മനസിൻറെ ശക്തി തന്നെയാണ് കാണിക്കുന്നത്. ക്ഷമ, ബുദ്ധിയുടെ കൂടി സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
5) ഈഗോ- അഥവാ ഞാനെന്ന ഭാവം മാറ്റിവച്ച് വിനയപൂർവം മറ്റുള്ളവരോട് സഹായങ്ങൾ അഭ്യർത്ഥിക്കാൻ തയ്യാറാകുന്നതും മനസിൻറെ ശക്തിയെ സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ സഹായം അഭ്യർത്ഥിക്കുന്നത് ദൗർബല്യമായാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് മനസിലാക്കുക. അതേസമയം എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവം ഇതിൽ പരിഗണിക്കാൻ സാധിക്കില്ല.
6) ജീവിതത്തിൽ പലപ്പോഴും നമുക്ക് പ്രതീക്ഷിക്കുന്ന വിജയങ്ങള‍്‍ നേടാൻ സാധിക്കണമെന്നില്ല. പരാജയങ്ങൾ കൂടി ഉൾപ്പെടുന്നതാണ് നമ്മുടെ യാത്ര. ഈ പരാജയങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്നു എങ്കിൽ നിങ്ങൾ മാനസികമായി ശക്തി നേടിയവരാണെന്ന് സാരം. ഇതിന് പുറമെ, നമ്മളെ പിറകോട്ട് വലിക്കുന്ന- വേദനിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും മുന്നോട്ടുപോകാൻ സാധിക്കുക കൂടി ചെയ്താൽ മനസിൻറെ ബലം കൂടുതൽ ഉറപ്പിക്കാം.
7) സ്വന്തം വൈകാരികാവസ്ഥകൾ മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കുന്നവരെ പൊതുവെ ‘ബോൾഡ്’ ആയി കണക്കാക്കാറുണ്ട്. എന്നാൽ യാതൊരു മടിയോ തടസമോ ഇല്ലാതെ വൈകാരികാവസ്ഥകളെ തുറന്നുകാട്ടാൻ സാധിക്കുന്നുവെങ്കിൽ അതും മനശക്തിയുടെ സൂചനയാണ്.