കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയായി എന്തൊക്കെയോ ചീഞ്ഞു നാറുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആർഎംഒ രഞ്ജിനെ ആർഎംഒ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ പുറത്തു വന്ന വാർത്തകളാണ് ഇപ്പോൾ ചീഞ്ഞു നാറുന്നത്. രഞ്ജിനെ ആർഎംഒ സ്ഥാനത്തു നിന്നും പുറത്താക്കിയതാണ് എന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. എന്നാൽ, പുറത്താക്കിയതല്ലെന്നും ഇദ്ദേഹം രാജി വച്ചാതാണ് എന്നും ഇദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നു. എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സായ യുവതിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇദ്ദേഹത്തിന് എതിരെ നടപടിയെടുത്തതെന്നാണ് ഒരു വിഭാഗം പറയുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സായ യുവതി ആർഎംഒയ്‌ക്കെതിരെ ആരോപണം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ ഇവർ കോട്ടയം കുമാരനല്ലൂർ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ഇവരുടെ സഹോദരന്മാർ ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്. ഇതിനു പിന്നാലെയാണ് ആർഎംഒയെ സ്ഥാനത്തു നിന്നും നീക്കിയത്. ആർ.എംഒയ്‌ക്കെതിരായ ആരോപണം ഉയർന്നതിനെ തുടർന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിൽ നിന്ന് ഇടപെട്ടാണ് ഇദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കാൻ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. വിവിധ മാധ്യമങ്ങളിൽ നിന്നും യുവതിയെ ബന്ധപ്പെട്ടെങ്കിലും ഇവർ പ്രതികരിക്കാനും തയ്യാറായിട്ടില്ല. തനിക്ക് കേസില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ യുവതിയ്ക്ക് പരാതി ഇല്ലാത്തതിനാൽ ഇദ്ദേഹത്തിന് എതിരെ എടുത്തത് നടപടിയല്ലെന്ന് വിശദീകരിക്കുകയാണ് ആർഎംഒയെ പിൻതുണയ്ക്കുന്ന വിഭാഗം.