ഹൃദ്രോഗങ്ങൾ തീർച്ചയായും ഏറെ പ്രാധാന്യമർഹിക്കുന്ന അസുഖങ്ങളാണ്. പ്രത്യേകിച്ച് ഹൃദയാഘാതം മൂലമുള്ള മരണം ആഗോളതലത്തിൽ തന്നെ വർധിക്കുന്നുവെന്നും, യുവാക്കളിലും ഹൃദയാഘാതവും ഇതെത്തുടർന്നുള്ള മരണങ്ങളും വർധിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഒരുപാട് ജാഗ്രത പുലർത്തേണ്ട വിഷയം തന്നെയാണിത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സാധാരണഗതിയിൽ ഹൃദ്രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യ ഘടകം മുതൽ സ്ട്രെസ്- വിഷാദം പോലുള്ള മാനസികാരോഗ്യ ഘടകങ്ങൾ വരെ ഇതിന് കാരണമാകുന്നു. അത്തരത്തിൽ സ്ത്രീകളെ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന അഞ്ച് പ്രധാന കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) പ്രമേഹം: സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതിന് പ്രമേഹം വലിയ രീതിയിൽ കാരണമാകാറുണ്ട്. ഇത് കൂടാതെ ഒരിക്കൽ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള സ്ത്രീകളിൽ അടുത്തൊരു ഹൃദയാഘാതത്തിനുള്ള സാധ്യതയും ഹൃദയം അപകടപ്പെടാനുള്ള സാധ്യതയും പ്രമേഹം വർധിപ്പിക്കുന്നു.
2) അമിതവണ്ണം : നമ്മുടെ നാട്ടിൽ പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം കൂടുതലും കാണുന്നത് സ്ത്രീകളിലാണ്. ഇതും ഇവരിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് ആർത്തവവിരാമം കടന്നവരിലാണ് ഇതിനുള്ള സാധ്യത കൂടുന്നത്.
3) ബിപിയും കൊളസ്ട്രോളും : ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഹൃദയത്തെ പെട്ടെന്ന് അപകടത്തിലാക്കാറുണ്ട്. സ്ത്രീകളിലാണ് താരതമ്യേന ബിപി പ്രശ്നങ്ങളും കൊളസ്ട്രോളും അധികവും കാണാറ്. ആർത്തവവിരാമം കടന്ന സ്ത്രീകളാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്.
4) വ്യായാമമില്ലായ്മ; വീട്ടുജോലികൾ കാര്യമായും ചെയ്യുന്നത് ഇന്നും മിക്ക വീടുകളിലും സ്ത്രീകൾ തന്നെയാണ്. എന്നാലിത് വ്യായാമത്തിൻറെ ഗുണം ചെയ്യണമെന്നില്ല. സ്ത്രീകൾ പുരുഷന്മാരോളം വ്യായാമം ചെയ്യുന്നുമില്ല. ഇതും ക്രമേണ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം.
5) മദ്യവും പുകവലിയും: സ്ത്രീകളെ അപേക്ഷിച്ച് മദ്യപാനവും പുകവലിയും കൂടുതലുള്ളത് പുരുഷന്മാരിൽ തന്നെയാണ്. എങ്കിലും സ്ത്രീകളിലും ഈ ദുശ്ശീലങ്ങൾ കാണുന്നുണ്ട്. ഇതും ക്രമേണ ഇവരെ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം.