പത്തനംതിട്ട : ശബരിമല തീര്‍ഥാടനം ഏറ്റവും മികച്ച രീതിയില്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഈ മാസം പത്തിന് മുന്‍പ് ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടന പാതയിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ണമായും വിലയിരുത്തി. ആശുപത്രികളിലെയും, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലെയും (ഇഎംസി) അറ്റകുറ്റപണികള്‍ ഈ മാസം 10 ന് മുന്‍പ് പൂര്‍ത്തിയാക്കും.
പമ്പ മുതല്‍ സന്നിധാനം വരെ 18 ഇഎംസികള്‍ ഉണ്ടാകും. അവിടേക്ക് ഉള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റ് പൂര്‍ത്തിയായി. അവര്‍ക്കുള്ള പരിശീലനം കൂടി പൂര്‍ത്തിയായ ശേഷം ഈ മാസം 14 ന് അവരെ വിന്യസിക്കും.
കോവിഡ് അനന്തര രോഗങ്ങള്‍ക്ക് പ്രത്യേകിച്ച് ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെ അടിയന്തര ആശയ വിനിമയത്തിന് ആരോഗ്യ വകുപ്പിന്റെ കണ്ട്രോള് റൂമുകളുടെ സഹായം ഉപയോഗപ്പെടുത്തും. ആന്റി വെനം, ആന്റി റാബിസ് വാക്സിന് പോലുള്ള മരുന്നുകളുടെ ലഭ്യത ഇഎംസികളില്‍ ഉറപ്പാക്കും. മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള തീര്‍ഥാടകര്‍ അവരുടെ ആരോഗ്യ രേഖകള്‍ കൂടി കൈയില്‍ കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഇത് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല തീര്‍ഥാടന പാതയിലെ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും സേവനത്തിന് നിയോഗിക്കുന്നവര്‍ കൃത്യമായി എത്തുന്നുവെന്ന് പരിശോധന നടത്തണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വി.ആര്. വിനോദ്, അഡീഷണല്‍ ഡിഎച്ച്എസ്. ഡോ. കെ.വി. നന്ദകുമാര്‍, ആയുര്‍വേദ ഡയറക്ടര്‍ കെ.എസ്. പ്രീത, ശബരിമല സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അജന്, പത്തനംതിട്ട ഡി എംഒ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി കോട്ടയം ഡിഎംഒ (ആരോഗ്യം) ഡോ. എന്‍. പ്രിയ, ആലപ്പുഴ ഡിഎംഒ(ആരോഗ്യം) ഡോ. ജമുന വര്‍ഗീസ്, ഇടുക്കി ഡിഎംഒ (ആരോഗ്യം) ശ്രീഷ് വര്‍ഗീസ്, പത്തനംതിട്ട ഡിഎംഒ(ഹോമിയോ) ഡോ. ഡി. ബിജുകുമാര്‍, പത്തനംതിട്ട ഡിഎംഒ(ആയുര്‍വേദം) ഡോ. ശ്രീകുമാര്‍, പത്തനംതിട്ട എന്‍എച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.