കുഴിമറ്റം: വെള്ളിയാഴ്ച നാലുമണിയോടെ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ സദനം സ്കൂൾ , പാറപ്പുറം പ്രദേശങ്ങളിലെ നിരവധി വീടുകൾക്കും ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിലെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ഒരു കിലോ വാട്ടിന്റെ സോളാർ പാനലുകൾക്ക് തകരാർ സംഭവിച്ചു . ഈ വീട്ടിലെ എട്ടു ഫാനുകൾ , ഫ്രിഡ്ജ് എന്നിവ കേടായി . കുടിവെള്ള പൈപ്പുകൾ പൊട്ടിത്തെറിച്ചു പോയി. മറ്റൊരു വീടിന്റെ അടുക്കളയുടെ ഓടിട്ട മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. വീടിനു സമീപം പുരയിടത്തിൽ വലിയകുഴി രൂപപ്പെട്ടു. മണ്ണിരകൾ കൂട്ടത്തോടെ ചത്തു മണ്ണിനു മുകളിൽ കാണപ്പെട്ടു.
പല വീടുകളിലേയും കിണറ്റിലെ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകൾ , വില കൂടിയ ടെലിവിഷനുകൾ , ഇൻവെർട്ടറുകൾ , സ്വിച്ച് ബോർഡുകൾ, ലൈറ്റുകൾ ഫാനുകൾ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പാറപ്പുറം അങ്കണവാടിയ്ക്ക് സമീപം വീടിന്റെ അടുക്കളയുടെ ഭാഗത്തെ തറയിലെ ടൈലുകൾ പൊട്ടിത്തെറിക്കുകയും വീടിന്റെ അടിത്തറയിൽ പല ഭാഗത്തും ദ്വാരങ്ങളും വിള്ളലുകളും ഉണ്ടായിട്ടുണ്ട്. സദനം കവല – സദനംസ്കൂൾ – തുരുത്തിപ്പള്ളി റോഡിലെ അൻപതോളം വഴി വിളക്കുകൾ പൊട്ടിത്തെറിച്ചു പോയി. ഈ പ്രദേശത്തെ ഇരുപത്തഞ്ചോളം വീടുകളിലായി പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.