പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും, അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽപ്പെട്ടവരുമായ രണ്ടുയുവാക്കളെ ജില്ലയിൽ നിന്നും ആറുമാസത്തേക്ക് പുറത്താക്കി ഉത്തരവായി. കേരള സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ (തടയൽ) നിയമ (കാപ്പ ) ത്തിലെ വകുപ്പ് 15(1) പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടേതാണ് നടപടി. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേച്ചരിവ് വിഷ്ണുഭവനത്തിൽ തമ്പിയുടെ മകൻ വിഷ്ണു തമ്പി (26), പന്തളം തെക്കേക്കര പൊങ്ങലടി തെങ്ങുവിള വീട്ടിൽ രാജേന്ദ്രന്റെ മകൻ ഉണ്ണി (24) എന്നിവരെയാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.
അടിപിടി, ഭീഷണിപ്പെടുത്തൽ, കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടാക്കുകയും, സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവരികയാണ് പ്രതികൾ. 2018 ൽ കൊടുമൺ ഐക്കരേത്ത് മുരുപ്പ് മംഗലം കുന്നിൽ ബുദ്ധപ്രതിമ തകർത്ത കേസിലും ഉൾപ്പെട്ടയാളാണ് 2017 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന വിഷ്ണു. ആകെ 8 കേസുകളാണ് കൊടുമൺ പോലീസ് സ്റ്റേഷനിൽ ഇയാളെക്കെതിരെയുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019 മുതൽ പത്തനംതിട്ട, കൊടുമൺ പോലീസ് സ്റ്റേഷനുകളിലായി 4 കേസുകളിൽ പ്രതിയാണ് ഉണ്ണി. ഇരുവർക്കുമേതിരെ ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ ശുപാർശപ്രകാരമാണ് ഡി ഐ ജിയുടെ ഉത്തരവുണ്ടായത്. ഇവർ പ്രതികളായ കേസുകളിൽ വിഷ്ണുവിന്റെ ഒരു കേസ് ഒഴികെ ബാക്കിയുള്ളവയിലെല്ലാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതും, വിചാരണ നടപടികൾ നടന്നുവരുന്നതുമാണ്. ഇരുവർക്കും നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള എല്ലാ നിയമനടപടികളും കൈക്കൊണ്ടതിനു ശേഷമാണ് ഇപ്പോൾ നാടുകടത്തൽ തീരുമാനമുണ്ടായിരിക്കുന്നത്.
അടിക്കടി സമാധാനലംഘനപ്രവർത്തനങ്ങൾ നടത്തി, പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് സ്ഥിരം ഭീഷണിയായിതീർന്ന കുറ്റവാളികൾക്കെതിരെ 107 സി ആർ പി സി പ്രകാരമുള്ള റിപ്പോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നും അടൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നതും, കോടതിയിൽ നടപടി നടന്നുവരുന്നതുമാണ്. ബോണ്ട് വ്യവസ്ഥകളിൽ കഴിഞ്ഞുവന്ന വിഷ്ണു വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും ക്രിമിനൽ കേസിൽ പ്രതിയായി. ഇതുസംബന്ധിച്ച എസ് എച്ച് ഒ റിപ്പോർട്ട് സമർപ്പിച്ചതിനെതുടർന്ന് ഇയാൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിപ്പിക്കുകയും, ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാൻ, ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ഉത്തരവിൽ പറയുന്നു.
പുറത്താക്കപ്പെടുന്ന കാലയളവിൽ താമസിക്കുന്ന ഇടത്തെപ്പറ്റി പോലീസിനെ അറിയിക്കുകയും വേണം. സമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്ടിക്കും വിധം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക്കുന്നവർക്കെതിരെ കാപ്പ നടപടികൾ കർശനമായി നടപ്പാക്കാൻ ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും, ഇതുപ്രകാരമുള്ള നടപടികൾ തുടർന്നുവരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.