കുമളി ഗ്രാമപഞ്ചായത്തില്‍ ഫീല്‍ഡ് സര്‍വേയ്ക്ക് തുടക്കമായി. പന്ത്രണ്ടാം വാര്‍ഡിലാണ് ഫീല്‍ഡ് സര്‍വ്വെ തുടങ്ങിരിക്കുന്നത്. ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ടില്‍ ബഫര്‍ സോണ്‍ നിര്‍ണ്ണയത്തിലുള്ള അവ്യക്തത ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ച സാഹചര്യത്തിലാണ് ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസ മേഖലയും കാര്‍ഷിക മേഖലയും ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുകയും തുടര്‍ന്ന് ഫീല്‍ഡ് സര്‍വ്വെ തുടങ്ങുകയും ചെയ്തിരിക്കുന്നത്.
ഉപഗ്രഹ ചിത്രങ്ങള്‍ മുഖാന്തിരം കണ്ടെത്താന്‍ കഴിയാത്ത നിര്‍മിതിയുടെ വിവരശേഖരണത്തിനായി പുറപ്പെടുവിച്ചിരിക്കുന്ന പ്രൊഫോര്മ മുഖാന്തിരമാണ് സര്‍വ്വെ നടത്തുന്നത്. ആസ്തിവിവരണവും ഫോട്ടോയും ലാന്‍ഡ് മാര്‍ക്കും ഉള്‍പ്പെടുന്നതാണ് പ്രൊഫോര്മ. ജനങ്ങളുടെ നിലവിലെ ആശങ്ക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കുമളി ഗ്രാമ പഞ്ചായത്ത് സജീവമായ ഇടപെടലാണ് നടത്തുന്നതെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവോ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫീല്‍ഡ് തല സര്‍വ്വെ അതിവേഗം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഓരോ വാര്‍ഡിലുമെത്തി നേരിട്ട് പരിശോധന നടത്തുക. ജനങ്ങളില്‍ നിന്നും അപേക്ഷയും ഇതോടൊപ്പം സ്വീകരിക്കും. ജനവാസം കൂടുതലുള്ള മേഖലയാണ് ബഫര്‍സോണിലുള്‍പ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണിത്. ബഫര്‍സോണ്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാനുള്ള ഹെല്പ് ഡെസ്കുകളും പഞ്ചായത്തില്‍ ആരംഭിച്ചു.
ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ടിലും 2021 സര്‍ക്കാര്‍ കേന്ദ്രത്തിനു നല്കിയ സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിലും ജനുവരി 7 വരെ ജനങ്ങള്‍ക്ക് പരാതി നല്‍കാം. ഫീല്‍ഡ് സര്‍വ്വെ കൂടി ചേര്‍ത്ത് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
കുമളി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഫീല്‍ഡ് സര്‍വ്വെയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, വൈസ് പ്രസിഡന്റ് വി. എ. ബാബുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ. എം. സിദ്ദിഖ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജനി ബിജു, വാര്‍ഡ് മെമ്പര്‍ വിനോദ് ഗോപി, ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.