കോട്ടയം : പുതുവത്സരാഘോഷത്തിനിടെ പോലീസിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പാറശ്ശേരി വീട്ടിൽ ജോസഫ് ആന്റണി മകൻ ജിയോ ജോസഫ് ആന്റണി (28) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കരിയമ്പാടം ഭാഗത്ത് വച്ച് പുതുവത്സര ആഘോഷത്തിന് ഇടയിൽ ഇയാളും സുഹൃത്തുക്കളും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയുമായിരുന്നു.
ഇതിനിടയിൽ ഇയാൾ പോലീസിനെ കയ്യേറ്റം ചെയ്യുകയും, യൂണിഫോം വലിച്ച് കീറി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഇയാൾക്ക് അയർക്കുന്നം സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി. കെ,എസ്.ഐ വിദ്യ വി, സി.പി.ഓ മാരായ പ്രവീണോ, സിജാസ്, രാഗേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.