അയ്മനം: നെല്ല് കൊടുത്ത് പി.ആർ.എസ് എഴുതി ഒരു മാസം കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോ കർഷകർക്ക് നൽകാത്തതിനാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിക്ഷേധിച്ചു. വിവിധ പഞ്ചായത്തുകളിൽ ലക്ഷങ്ങൾ മുടക്കി മേളകളും, ഫെസ്റ്റുകളും നടത്താൻ പണമുണ്ടെന്നും കർഷകർക്ക് യഥാസമയത്ത് നെല്ലിന്റെ പണം കൊടുക്കാൻ സർക്കാരിന് കാശില്ലെന്നും യോഗം ആരോപിച്ചു. അയ്മനം പഞ്ചായത്തിലെ വി കെ വി ബ്ലോക്ക്, വട്ടക്കായൽ തട്ടേപാടം, ഒളൂരാൻ കായൽ തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ചതിന്റെ പണമാണ് ലഭിക്കാത്തത്.
മുൻ വർഷങ്ങളിൽ പി.ആർ.എസ് ബാങ്കുകളിൽ നൽകുകയും ബാങ്ക് പണം ഒരാഴ്ചക്കുള്ളിൽ അഡ്വാൻസായി കർഷകർക്ക് അക്കൗണ്ടിൽ നൽകുമായിരുന്നു. പിന്നീട് സപ്ലൈകോ പലിശ സഹിതം ഈ പണം ബാങ്കുകൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം മുതൽ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന പദ്ധതിയാണ് തയ്യാറാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് സർക്കാരിന് ബാങ്കുകൾക്ക് പലിശയായി നൽകുന്ന പണം ലാഭിക്കാൻ കഴിയും. ഇതുമൂലം പ്രതിസന്ധിയിലായത് കർഷകരാണ്. പണം ലഭിക്കാൻ കാലതാമസം നേരിട്ടത് മൂലം കർഷകർ കടക്കെണിയിലായി. പലിശയ്ക്ക് വാങ്ങിയ പണം കൊടുക്കാൻ പറ്റാതെ കൂടുതൽ പലിശ നൽകേണ്ടി വരും. പുഞ്ചകൃഷി ഇറക്കുന്നതിന് വീണ്ടും പലിശക്ക് പണം കടം വാങ്ങേണ്ടി വന്നു. ബാങ്കുകളിൽ നിന്നും നാലു ശതമാനം പലിശയ്ക്ക് എടുത്തിരുന്ന വായ്‌പ സമയത്ത് പുതുക്കാൻ പറ്റാതെ സബ്സിഡി നഷ്ടപ്പെട്ട് കൂടുതൽ പലിശ നൽകേണ്ട സ്ഥിതിയായി. വീട് പണിയുന്നവരും, നെല്ലിന്റെ പണം പ്രതീക്ഷിച്ച് പെണ്മക്കളുടെ വിവാഹം ഉറപ്പിച്ചവരും പ്രതിസന്ധിയിലാണ്.
സർക്കാരിൽ നിന്നും സപ്ലൈകോയ്ക്ക് പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോ അധികൃതർ അറിയിച്ചത്. എത്രയും പെട്ടെന്ന് സംഭരിച്ച നെല്ലിന്റെ പണം സർക്കാർ കർഷകർക്ക് നൽകണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ നടത്താനും മണ്ഡലം കോൺഗ്രസ് കമ്മറ്റിയോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.