ജാഗ്രതാ ടീം
ഫാക്ട് ചെക്ക്
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന ശീമാട്ടി ടെക്സ്റ്റൈൽസും സ്ഥലവും ലുലു ഗ്രൂപ്പിനു വിറ്റോ..? കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണ് ഇത്. കോട്ടയം നഗരമധ്യത്തിൽ തല ഉയർത്തി നിന്നിരുന്ന ശീമാട്ടി കേരളം മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡാണ്. ഇതിനിടെയാണ് ഇപ്പോൾ ശീമാട്ടി ലുലിവിന് വിറ്റതായുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശീമാട്ടിയിലെ ജീവനക്കാർ പറഞ്ഞതായാണ് വെടിവട്ട ചർച്ചകളിൽ പ്രചാരണം ശക്തമായിരിക്കുന്നത്. വാട്സ്അപ്പിലെ നൂറുകണക്കിന് ഗ്രൂപ്പുകളിലാണ് ഇത്തരത്തിൽ പ്രചാരണം പറപറക്കുന്നത്. ജാഗ്രതാ ന്യൂസ് ലൈവ് ഫാക്ട് ചെക്ക് ടീമിനുംഇത്തരത്തിൽ ഒരു പ്രചാരണം പല കൈമറിഞ്ഞ് കിട്ടി. ഇത് കൂടാതെ ജില്ലയിലെയും കേരളത്തിന് പുറത്തെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ജാഗ്രതാ ന്യൂസ് ലൈവിനെ ഫോണിൽ ബന്ധപ്പെട്ടു. ഇതേ തുടർന്ന് വായനക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് ജാഗ്രതാ ന്യൂസ് ഫാക്ട് ചെക്ക് ഡെസ്ക് വിഷയത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ ടീം ശീമാട്ടി ജനറൽ മാനേജരെ ഫോണിൽ ബന്ധപ്പെട്ടു. ഇത്തരത്തിൽ യാതൊരു നീക്കവും നടന്നിട്ടില്ലെന്നും, ഇത്തരം ഒരു ചർച്ച പോലും ഉണ്ടായിട്ടില്ലെന്നും ശീമാട്ടി അധികൃതർ അറിയിച്ചു. ഇതേ തുടർന്നു ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ മേധാവിയെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, ഇത്തരം ഒരു പ്രചാരണം എങ്ങിനെ ഉണ്ടായെന്നു പോലും അറിയില്ലെന്നായിരുന്നു ലുലുഗ്രൂപ്പ് അധികൃതരുടെ മറുപടി. എന്നാൽ, ഇപ്പോഴും ഈ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശീമാട്ടിയുടെ സ്ഥലം ലുലുവിന് മാൾ നിർമ്മിക്കാൻ അനുയോജ്യമായ രീതിയിലുള്ളതാണ്. എന്നാൽ, ശീമാട്ടി ഒരു കാരണവശാലും തങ്ങളുടെ അഭിമാനമായ സ്ഥലം വിടുന്നതിനെക്കുറിച്ച് ആലോചനപോലും ഉണ്ടായിട്ടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തിൽ ശീമാട്ടി ലുലുമാൾ ഏറ്റെടുത്തു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.