അടൂർ: പത്തനംതിട്ട അടൂർ കൈപ്പട്ടൂരിൽ സ്വകാര്യ ബസും കോൺക്രീറ്റ് മിക്സറുമായി എത്തിയ ലോറിയും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും മറിഞ്ഞു. പത്തനംതിട്ട – അടൂർ റോഡിലാണ് അപകടം ഉണ്ടായത്. കൈപ്പട്ടൂർ ഭാഗത്തു നിന്നും എത്തിയ യൂണിയൻ എന്ന സ്വകാര്യ ബസ് എതിർ ദിശയിൽ നിന്നും എത്തിയ കോൺക്രീറ്റ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും റോഡിൽ മറിഞ്ഞു.
ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ കടകളിലുണ്ടായിരുന്നവരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിലേയ്ക്കു മറിഞ്ഞ രണ്ടു വാഹനങ്ങളിലും നിന്നും യാത്രക്കാരെ പുറത്തെടുത്ത് ആംബുലൻസുകളിലായി ആശുപത്രിയേലേയ്ക്കു മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എതിർ ദിശയിൽ നിന്നും ലോറി വരുന്നത് കണ്ട് ബസ് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണം നഷ്ടമായ ലോറി ബസിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വളവ് തിരിഞ്ഞ് വന്ന ലോറി ബസിലേയ്ക്കു അമിത വേഗത്തിൽ ഇടിച്ചു കയറിയ ശേഷം ലോറി ഇടിച്ചു മറിയ്ക്കുകയായിരുന്നു.
പ്രദേശത്ത് വാഹനങ്ങളുടെ അമിത വേഗം പതിവാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു. അപകടം പലപ്പോഴും ഒഴിവായത് തലനാരിഴയ്ക്കു മാത്രമാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. അടൂർ കൈപ്പട്ടൂർ റോഡിലെ ഏറ്റവും വലിയ വളവുകളിൽ ഒന്നായ സ്ഥലത്താണ് അപകടം ഉണ്ടായത്. ഇത്തരത്തിൽ വാഹനങ്ങൾ പരസ്പരം കാണാതെ വന്നതാണ് അപകടം ഉണ്ടായത്.