വൈക്കത്തിൻ്റെ ഓംചേരി നൂറിൻ്റെ നിറവിൽ; ആഘോഷ തിമർപ്പിൽ ഇന്ദ്രപ്രസ്ഥം

വൈക്കം :വൈക്കത്തിൻ്റെ മണ്ണിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസം നേടി, രാജ്യത്തെ സമുന്നത വ്യക്തിത്വമായി വളർന്ന് ഇന്ദ്രപ്രസ്ഥത്തെ മലയാളിയുടെ സൗമ്യ മുഖമായി മാറിയ വിഖ്യാത നാടകാചാര്യനും ബഹുമുഖ പ്രതിഭയുമായ പ്രൊഫ. ഓംചേരി എൻ എൻ പിള്ള നൂറിൻ്റെ നിറവിൽ. നൂറാം ജന്മദിനാഘോഷം ന്യൂഡൽഹിയിലെ കാനിംഗ് റോഡിലുള്ള കേരള സ്ക്കൂളിൽ വച്ച് അതിവിപുലമായ പരിപാടികളോടെ നടക്കുകയാണ്.

ഫെബ്രുവരി 5 ന് നടക്കുന്ന ജന്മദിന ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിമാരും ജനപ്രതിനിധികളും ചീഫ് സെക്രട്ടറി ഡോ വി പി ജോയി ഐ എ എസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് കരുതുന്നു. ഓംചേരി കുടുംബത്തിൽ നിന്നും ദീപാ ഓംചേരി, ഭർത്താവ് കെ ആർ സുരേഷ്, സഹോദരൻ രാജേഷ് ഓംചേരി എന്നിവരും വൈക്കം ശ്രീമഹാദേവാ കോളേജിൽ നിന്ന് ഡയറക്ടർ പി ജി എം നായർ കാരിക്കോടിൻ്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘവും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഡൽഹിക്ക് പുറപ്പെടുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജന്മദിനമായ ഇന്ന് (ഫെബ്രുവരി 1) ഓംചേരി തറവാട്ടിൽ പ്രത്യേക പൂജകളും മറ്റ് ചടങ്ങുകളും സംഘടിപ്പിച്ചു. ഡൽഹിയിലെ ആഘോഷ പരിപാടികൾക്ക് ശേഷം ശ്രീമഹാദേവ കോളേജിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും

ഓംചേരിയുടെ സംഭാവനകൾ

മലയാള സാഹിത്യ ശാഖക്ക് നാടകം, കവിത, നേവൽ, കഥകൾ, പഠനങ്ങൾ തുടങ്ങിയവയിലൂടെ കനപ്പെട്ട സംഭാവനയാണ് ഓംചേരി നൽകിയിട്ടുള്ളത്. ഒൻപത് നാടകങ്ങൾ, എൺപതിലേറെ ലഘു നാടകങ്ങൾ, നിരവധി പഠനങ്ങൾ, ഏതാനും നോവലുകളും കവിതകളും ഇങ്ങിനെ നീളുന്നു ആ സാഹിത്യ സപര്യയുടെ പ്രയാണം.

പ്രധാന കൃതികൾ

വികാസ രേഖകൾ, ലക്ഷ്യവും മാർഗ്ഗവും ( പഠനം)
വികാരങ്ങൾ വിചാരങ്ങൾ, കാഴ്ചകൾ കാഴ്ചപ്പാടുകൾ (ലേഖന സമാഹാരം)
ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു, ഇത് നമ്മുടെ നാടാണ്, പ്രളയം, തേവരുടെ ആന, ഉലകുടപ്പെരുമാൾ, കുറെ സമുദായക്കാരും അല്പം ചില മനുഷ്യരും, ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു, യേശുവും ഞാനും, നല്ലവനായ ഗോഡ്സെ, നോക്കുകുത്തി തെയ്യം , മിണ്ടാപ്പൂച്ചകൾ, അധിനിവേശം (നാടകം)
ഒപ്പത്തിനൊപ്പം, എട്ടു നാടകങ്ങൾ (ഏകാങ്കം)

കുടുംബം

1924 ഫെബ്രുവരി ഒന്നിന് വൈക്കത്തെ ഓംചേരിയിൽ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. വിഖ്യാത സംഗീതജ്ഞൻ കമുകറ പുരുഷോത്തമൻ്റെ സഹോദരിയും പ്രമുഖ എഴുത്തുകാരിയുമായ ലീലാ ഓംചേരിയാണ് ഭാര്യ. മകൻ എസ് ഡി ഓംചേരി (ശ്രീദീപ് ഓംചേരി) മകൾ ദീപ്തി ഓംചേരി.

ചെറുപ്പകാലവും വിദ്യാഭ്യാസവും

വൈക്കം അയ്യർകുളങ്ങര ഗവ യു പി സ്ക്കൂൾ, ഇംഗ്ലീഷ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം സി എം എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം. ഇതിന് പുറമേ അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റി, യു എസ് എ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണാത്മക പഠനം.

തൊഴിൽ മേഖലകൾ

വൈവിധ്യ പൂർണ്ണമായ ഒട്ടേറെ തൊഴിൽ മേഖലയിലൂടെ കടന്ന് പോയ പിള്ളയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. ആൾ ഇന്ത്യാ റേഡിയോ, ഡി എ വി പി , സെൻസേഴ്സ് ഓഫീസ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു.

അധ്യാപന വഴിയിൽ

കാലിഫോർണിയ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ & മാനേജ്മെൻ്റ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി, ഒസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു.

പുരസ്ക്കാരങ്ങൾ

അനേകം പുരസ്ക്കാരങ്ങൾ ഓംചേരിയെ തേടി എത്തി. പ്രധാനപ്പെട്ട ഏതാനും എണ്ണം
സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മാനം (1952)
കേരള സാഹിത്യ അക്കാദമി അവാർഡ് – നാടകം (1972)
സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ് (1974)
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്ക്കാരം (2010)
കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്നാ അവാർഡ് (2012)
നാട്യഗൃഹ അവാർഡ് (2014)
കേരള ക്രിസ്റ്റ്യൻ അസോസിയേഷൻ അവാർഡ് 2017
പബ്ലിക്ക് റിലേഷൻസ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് (2014)
ഇൻ്റർ നാഷണൽ അസോസിയേഷൻ ഓഫ് എഡ്യൂക്കേറ്റെഴ്സിൻ്റെ ഹയർ എഡ്യൂക്കേഷൻ ഡെവലപ്പ്മെൻ്റ് അവാർഡ് (2004)
കേരള സർക്കാരിൻ്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്ക്കാരം (2022)

ഡൽഹിയിൽ മലയാളികളുടെ അംബാസിഡർ

ഏഴ് പതിറ്റാണ്ടിലേറെ ക്കാലമായി മലയാളികളുടെ ഡൽഹിയിലെ അംബാസിഡറായി കണക്കാക്കുന്ന വ്യക്തിയാണിദ്ദേഹം. ഡൽഹിയിലെ സാമൂഹ്യ – സാഹിത്യ- സാംസ്ക്കാരിക വേദികളിലെ നിറസാന്നിധ്യമാണ് ഓംചേരി. അനേകം സാഹിത്യ- സാംസ്ക്കാരിക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നു.

വൈക്കവുമായി സുദൃഢ ബന്ധം

ശരീരം ഡൽഹിയിലും മനസ് കേരളത്തിലുമാണെന്ന് അദ്ദേഹം എപ്പോഴും പറയുന്ന കാര്യമാണ്. വൈക്കം എന്നത് എല്ലായ്പ്പോഴും ഗൃഹാതുരത്വം അനുഭവപ്പെടുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും കേരളത്തിൽ എത്താറുണ്ട്. എന്നാൽ കോവിഡ് കാലത്തിന് ശേഷം കേരളത്തിൽ എത്തിയിട്ടില്ല. താൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ വൈക്കം അയ്യർകുളങ്ങര യു പി

സ്ക്കൂളിനടുത്തായി സ്ഥിതി ചെയ്യുന്ന വൈക്കം നഗരത്തിലെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീമഹാദേവ കോളേജിൻ്റെ മുഖ്യ രക്ഷാധികാരി കൂടിയാണ് ഓംചേരി.

ഓംചേരി നാടക ചെയർ

നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിശിഷ്യാ ഓംചേരി നാടകങ്ങളുടെ പുനരാവിഷ്ക്കാരത്തിനുമായി വൈക്കം ശ്രീമഹാദേവ കോളേജിൽ ഓംചേരി നാടക ചെയർ സ്ഥാപിച്ച് പ്രവർത്തനം നടന്ന് വരുന്നു. ഓംചേരിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച്‌ 2024 ഫെബ്രുവരി 1 വരെ ഒരു വർഷക്കാലത്തെ ഓംചേരി നടക വർഷമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

വൈക്കത്ത് അവസാനമായി എത്തിയ സന്ദർഭം

2015 സെപ്തംബർ 18 നാണ് അദ്ദേഹം അവസാനമായി വൈക്കത്ത് വന്നത്. അതും താൻ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ച അയ്യർകുളങ്ങര സ്ക്കൂളിനടുത്തുള്ളതും താൻ രക്ഷാധികാരിയുമായ ശ്രീമഹാദേവ കോളേജിൻ്റെ പുതിയ ബ്ലോക്കിൻ്റെ നിർമ്മാണോൽഘാടനത്തിലും ബിരുദ പഠനം നടത്തിയ കോട്ടയം സി എം എസ് കോളേജിലെ ദ്വിശതാബ്ദി വാർഷിക പരിപാടിയിലും പങ്കെടുക്കുവാനും. അതും ആകസ്മികം.

എല്ലാം ആകസ്മികം

തൻ്റെ ആത്മകഥക്ക് എന്ത് പേരിടുമെന്ന് ഏറെ ആലോചിച്ചെങ്കിലും ചിന്തയിലേക്ക് കയറി വന്നത് മുഴുവൻ ഒരത്ഭുതമെന്നോളം എല്ലാം ആകസ്മികമായിരുന്നു. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല ,കേരള ചീഫ് സെക്രട്ടറി ഡോ വി പി ജോയി ഐ എ എസ് എഡിറ്റ് ചെയ്ത ഓം ചേരിയുടെ ആത്മകഥയുടെ പെരുതന്നെ “ആകസ്മികം”എന്ന് നിശ്ചയിച്ചു.

Hot Topics

Related Articles