പന്തളം: മൂന്നുവർഷത്തെ കാത്തിരിപ്പിനും കടമ്പകൾക്കുംശേഷം പന്തളം നഗരസഭാ മാസ്റ്റർപ്ലാനിന് സർക്കാരിന്റെ അന്തിമ അംഗീകാരമായി.സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ പുതിയ മാസ്റ്റർപ്ലാൻ പ്രാബല്യത്തിൽ വരും. ഗസറ്റിൽ പ്രസിദ്ധീകരിച്ചശേഷം നഗരസഭാ കൗൺസിൽ നഗരസഭാ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ഇത് പത്രങ്ങൾ, നോട്ടീസ് ബോർഡ് എന്നിവയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.ജില്ലാ ടൗൺ പ്ലാനിങ് വിഭാഗമാണ് 20 വർഷത്തെ വികസനം ലക്ഷ്യംവെച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. 2020 ജനുവരി 14-ന് ആദ്യം പ്രസിദ്ധീകരിച്ച പ്ലാനിൽ പൊതുജനങ്ങൾക്കുള്ള ഏകദേശം അറൂന്നൂറോളം പരാതികളും നിർദേശങ്ങളും പരിശോധിച്ച് ഹിയറിങ് നടത്തി വേണ്ട മാറ്റങ്ങൾ വരുത്തിയാണ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയാണ് പരാതികളും നിർദേശങ്ങളും പരിശോധിച്ച് തീരുമാനങ്ങളെടുക്കുകയും, ഈ തീരുമാനങ്ങൾക്ക് നഗരസഭാ കൗൺസിൽ അനുമതി നൽകുകയും ഇതിൻപ്രകാരം മാപ്പിലും റിപ്പോർട്ടിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്.
2018-ൽ തുടങ്ങിയ പദ്ധതി കോവിഡും വെള്ളപ്പൊക്കവും കാരണം ഹിയറിങ് നടത്തുന്നതിനും മാറ്റംവരുത്തുന്നതിനും താമസംവരുത്തി. കാലാവധി കഴിഞ്ഞതിനാൽ ഗവൺമെന്റിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ഹിയറിങ് നടത്തിയത്. കരട് രേഖയിൽനിന്ന് ആക്ഷേപങ്ങൾ പ്രകാരം വരുത്തിയ മാറ്റങ്ങളിലധികവും റോഡ് സംബന്ധിച്ചുള്ളവയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭൗതിക, സാമ്പത്തിക, സാമൂഹിക, മേഖലകളുടെ സമഗ്രവും സ്ഥലപരമായുമുള്ള വികസനമാണ് പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന തീർഥാടന വിനോദസഞ്ചാരകേന്ദ്രം എന്നനിലയ്ക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തും. വാണിജ്യത്തിനായുള്ള ഭൂമി വളരെ കുറവാണ്. ചന്തകളിൽ അടിസ്ഥാന സൗകര്യക്കുറവ്, വ്യവസായങ്ങളുടെ കുറവ്, ശബരിമല തീർഥാട വികസനം, ഗതാഗത പരിഷ്‌കാരം, മാലിന്യ സംസ്‌കരണം, തോടുകളും ചാലുകളും വൃത്തിയാക്കൽ എന്നിവ നടപ്പാക്കേണ്ടതുണ്ട്. കൃഷിക്കും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.