പകൽ പോലും ആനകൾ; ആറളം ഫാമിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം തുടരുന്നു

ഇരിട്ടി: പകൽ പോലും ആനകൾ വിഹരിക്കുന്ന ആറളം ഫാം കാടിനു തുല്യമാകുന്നു. കാട്ടാനക്കൂട്ടങ്ങളുടെ പരാക്രമത്തിൽ പൊറുതു മുട്ടിയിരിക്കുകയാണ് ആറളം ഫാം വാസികൾ. ആനക്കൊപ്പം കടുവാ ഭീതികൂടി എത്തിയതും തൊഴിലാളികൾ തൊഴിലിനെത്താൻ മടിക്കുന്നതും നാലുമാസത്തിലേറെയായി വേതനം മുടങ്ങിയതും ഫാമിന്റെ തകർച്ചയുടെ ആഴം കൂട്ടുകയാണ്. ഇതിനിടയിലാണ് ആനകൾ ഓരോ ദിവസവും ഫാമിന്റെ വിവിധ മേഖലകളിൽ കൂട്ടം കൂടി നടത്തുന്ന അക്രമങ്ങളും പെരുകിവരുന്നത്.
ചൊവ്വാഴ്ച രാത്രി ഫാം ഒൻമ്പതാം ബ്ലോക്കിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്ത ആനക്കൂട്ടം സമീപത്തെ ഫാമിന്റെ അധീനതയിലുള്ള ഒന്നര ഏക്കറോളം കുരുമുളക് തോട്ടവും നശിപ്പിച്ചു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സ്‌കൂളിന്റെ ചെങ്കല്ലുകൊണ്ട് നിർമ്മിച്ച ചുറ്റുമതിൽ 20 മീറ്ററോളം ഭാഗം കാട്ടാന തകർത്തു. സ്‌കൂളിൽ നിന്നും ഒരു കിലോമീറ്റർ മാറി ആറളം ഫാം കാർഷിക നഴ്‌സറിയുടെ കുരുമുളക് തോട്ടവും നശിപ്പിച്ചു. കുരുമുളക് ചെടി പടർന്നുകയറിയ ചെറുമരങ്ങൾ വ്യാപകമായി ചവിട്ടി ഒടിച്ചിട്ടു. കുരുമുളക് നിറഞ്ഞ നൂറുകണക്കിന് കരുമുളക് വള്ളികളുള്ള മരങ്ങളാണ് നശിപ്പിച്ചത്. മേഖലയിൽ തെങ്ങുകളും വ്യാപകമായി നശിപ്പിച്ചു.
ആറളം ഫാമിൽ കടന്ന കടുവ ഫാമിന്റ അഞ്ചാം ബ്ലോക്കിലെ കൃഷിയിടത്തിൽ തന്നെയാണ് ഉള്ളത് എന്നാണ് വനം വകുപ്പുകാരുടെ നിഗമനം. കടുവയെ നിരീക്ഷിക്കുന്നതിനാൽ ഫാമിനകത്തുള്ള കാട്ടാനകളെ വനത്തിലേക്ക് തുരത്തുവാനുള്ള നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.
ഫാമിലെ ഒമ്പതാം ബ്ലോക്കിൽ പത്ത് ഏക്കറോളം സ്ഥലത്താണ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിനായി കോടികൾ മുടക്കി കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ തുറന്നു പ്രവർത്തിക്കുവാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മതിൽ കെട്ടിയ എം ആർ എസിന്റെ കോമ്പൗണ്ട് പരിസരം നിറയെ കാടുകൾ നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. ഇതിന് സമീപത്താണ് വയനാട് മേഖലയിൽ നിന്നും എത്തിയ കുടുംബങ്ങൾക്ക് സ്ഥലം പതിച്ചു നൽകിയിരിക്കുന്നത്. ഇവിടെ ഭൂമി കിട്ടിയ 450തോളം കുടുംബങ്ങളിൽ 100 താഴെ കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. ആനപ്പേടിമൂലം പലരും വീടും കൃഷിയിടവും ഉപേക്ഷിച്ച് വയനാട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. ഇവർ ഉപേക്ഷിച്ചുപോയ ഏക്കർ കണക്കിന് സ്ഥലം മുഴുവൻ കടുവളർന്നു ആനകളുടെ താവളമായി. മാറിയിരിക്കയാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.