കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ തീരുമാനമായി. ഈ മാസം 28ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം. ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും.
ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ചുമതല ഉദ്യോഗസ്ഥൻ കൂടി ഇനി അതിന് ഉത്തരവാദിയായിരിക്കും. ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം. കെ എസ് ആർ ടി സിബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി. ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് ആരാണ് അപകടമുണ്ടാക്കിയതെന്ന് കാര്യം വ്യക്തമാകുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. ഇതിന് പുറമേ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ യോഗം തീരുമാനിച്ചു.
സംസ്ഥാന വ്യാപകമായി ഈ മാസം 28 മുൻപ് ബസുകളിൽ ക്യാമറ സ്ഥാപിക്കണം. ഡ്രൈവർമാരുടെ ലൈസൻസ് കോപ്പി അടക്കം വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം. ബസ് ജീവനക്കാർക്ക് ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകാനും തീരുമാനമായി.