കറുകച്ചാലിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കറുകച്ചാൽ: കെ.എസ്.ഇ.ബി അധികൃതരുടെയും സ്വകാര്യ ബസ് ജീവനക്കാരുടെയും അശ്രദ്ധയ്ക്ക് ജീവൻ വില നൽകാതെ തലനാരിഴയ്ക്കു രക്ഷപെട്ടതിന് ഭാഗ്യത്തെ സ്മരിക്കുകയാണ് കറുകച്ചാലിലെ കാർ യാത്രക്കാർ. താഴ്ന്നു കിടന്ന വൈദ്യുത ലൈൻ ബസിന്റെ മുകൾവശത്ത് ഉടക്കി, വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണു. പരിക്കേൽക്കാതെ യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാനം-കാഞ്ഞിരപ്പാറ റോഡിൽ കരിമ്പനാംകുഴിയിലായിരുന്നു അപകടം. കാനത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോയ സ്വകാര്യ ബസിന്റെ മുകൾ ഭാഗം താഴ്ന്നുകിടന്ന വൈദ്യുതലൈനിൽ ഉടക്കുകയായിരുന്നു. സ്വകാര്യ ബസിൽ ഉടക്കിയ വൈദ്യുതി കമ്പി മുന്നിലേയ്ക്കു വലിഞ്ഞതോടെ, 20 അടിയോളം പിന്നിൽ നിന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിൽ വീഴുകയായിരുന്നു.
ലൈനിൽ നിന്നും തീപ്പൊരി ചിതറിയതോടെ യാത്രക്കാരും ഭീതിയിലായി. വിവരം അറിയിച്ചതോടെ കെ.എസ്.ഇ.ബി.അധികൃതർ വൈദ്യുതി ബന്ധം വിശ്ചേദിച്ചു. നാട്ടുകാരും കെ.എസ്.ഇ.ബി.ജീവനക്കാരും ചേർന്ന് പോസ്റ്റും കമ്പികളും റോഡിൽ നിന്നും നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കാറിന്റെ ചില്ല് പൊട്ടുകയും മുൻവശം ഭാഗീകമായും തകരുകയും ചെയ്തു.