തിരുവല്ല: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, പിടിവിട്ട് റോഡിൽ തലയടിച്ചു വീണ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിൻറേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരുവല്ല കവിയൂരിൽ നിന്നും രഞ്ജിത്തിനും ഗീതയ്ക്കുമൊപ്പം ആദവ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ ഗീതയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതയുണ്ടായി. തുടർന്നു, ഗീത തലകറങ്ങി വീഴുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ കയ്യിലിരുന്ന കുട്ടി താഴേയ്ക്കു വീണു. റോഡിൽ തലയിടിച്ചു വീണ കുട്ടിയെയുമായി മാതാപിതാക്കൾ ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തി. ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ വിട്ടയച്ചു.
എന്നാൽ, ശനിയാഴ്ച കുട്ടിയെ അനക്കമില്ലാതെ തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു, ബന്ധുക്കൾ കുട്ടിയെയുമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്നു, സംസ്‌കാരം നടത്തും.