കോട്ടയം: വാഹനാപകടക്കേസിൽ വിധി കക്ഷിയിൽ നിന്നും മറച്ചു വയ്ക്കുകയും, നഷ്ടപരിഹാരമായി ലഭിച്ച ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ അഭിഭാഷകനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. കോട്ടയം ബാറിലെ അഭിഭാഷകനായ കോട്ടയം കണ്ടത്തിൽ കോംപ്ലക്‌സിൽ ഓഫിസ് നടത്തുന്ന അഡ്വ.പി.രാജീവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചേർത്തല സ്വദേശിയായ ക്ഷേത്രം പൂജാരിയ്ക്കുണ്ടായ അപകടക്കേസിൽ നഷ്ടപരിഹാരമായി ലഭിച്ച തുക തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.
2015 മാർച്ച് 22 നാണ് തിരുവതാംകൂർ ദേവസ്വം ബോർഡിലെ പാർട്ടൈം ശാന്തിയായ ഇദ്ദേഹത്തിന് അപകടം ഉണ്ടായത്. തുടർന്ന് അഭിഭാഷകനായ രാജീവ് ഇദ്ദേഹത്തെ സമീപിച്ച് കേസ് ഏറ്റെടുക്കാമെന്ന് അറിയിച്ചു. തുടർന്ന് ഇദ്ദേഹം കോടതിയിൽ കേസ് വാദിക്കുകയും അപകടത്തിൽ പരിക്കേറ്റ ശാന്തിയ്ക്കു നഷ്ടപരിഹാരം വാങ്ങി നൽകുകയും ചെയ്തു. 2020 ജനുവരി ഏഴിന് 11 ലക്ഷത്തോളം രൂപ ശാന്തിയ്ക്കു നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, അഭിഭാഷകൻ പരാതിക്കാരനായ ശാന്തിയുടെ ചെക്കും പാസ്ബുക്കും അടക്കമുള്ള രേഖകൾ ഉപയോഗിച്ച് പത്തുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരനായ ശാന്തിയുടെ ചെക്ക് ലീഫുകളും, ഐഡിക്കാർഡും, ബാങ്ക് പാസ് ബുക്കും കൈവശപ്പെടുത്തിയ ശേഷമാണ് അഭിഭാഷകൻ പണം തട്ടിയെടുത്തത്. ചെക്ക് ഉപയോഗിച്ച് അഞ്ചു ലക്ഷം രൂപയും, മറ്റൊരു ചെക്ക് ഉപയോഗിച്ച് 50000 രൂപയും, മറ്റൊരു ചെക്ക് ലീഫ് ഉപയോഗിച്ച് അഞ്ചു ലക്ഷത്തോളം രൂപയും തട്ടിയെടുത്തതായാണ് പരാതി.
ഇതു സംബന്ധിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ അഭിഭാഷകൻ തയ്യാറായില്ലെന്ന് ക്ഷേത്രം ശാന്തി അറിയിക്കുന്നു. തുടർന്ന് ഇദ്ദേഹം കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.