തിരുവനന്തപുരം: ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങൾക്കൊപ്പം ചെലവഴിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് നടൻ ജഗദീഷ്. രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമാണ് ഉമ്മൻ ചാണ്ടി സാറുമായുള്ളതെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമായി താൻ കണക്കാക്കിയിട്ടുള്ളത് ഉമ്മൻ ചാണ്ടിയെയാണ് എന്നും ജഗദീഷ് പറഞ്ഞു.
റോൾ മോഡലായാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ഇന്ത്യയിലെ തന്നെ മികച്ച രാഷ്ട്രീയ നേതാവ് എന്ന് പറയുമ്പോൾ ഏറ്റവും തലയെടുപ്പുള്ള ഒരു പത്ത് നേതാക്കളിൽ ഉമ്മൻ ചാണ്ടി ഉണ്ടാകും.
വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ പത്നി മറിയാമ്മയ്ക്കൊപ്പം കാനറാ ബാങ്കിൽ ഞാൻ സേവനമനുഷ്‌ടിച്ചിട്ടുണ്ട്. അന്നത്തെ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങളായിരുന്നു ഞങ്ങൾ. അന്നു തുടങ്ങിയ ബന്ധമാണ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഞാൻ കണക്കാക്കിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്നേഹം, കാരുണ്യം, ത്യാഗം സൗഹാർദം, പ്രവർത്തകരുമായുള്ള ആത്മബന്ധം, ജനങ്ങളുമായുള്ള ബന്ധം ഇക്കാര്യങ്ങളിൽ ഒരു നേതാവെന്ന നിലയിൽ അങ്ങേയറ്റമാണ് അദ്ദേഹം. ജീവിതത്തിന്റെ 95 ശതമാനം ജനങ്ങളോടൊപ്പമാണ്. അദ്ദേഹത്തെ ഇന്റർവ്യു ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ആ സമയത്ത് പോലും ഫ്രെയ്മിന്റെ അപ്പുറത്തും ഇപ്പുറത്തും ആളുകളാണ്. അവരോട് മാറി നിൽക്കാൻ പറയാൻ അദ്ദേഹത്തിന് കഴിയില്ല. അവർ കേൾക്കട്ടെ എന്നുകരുതി അദ്ദേഹം ചിരിച്ചുകൊണ്ടിരിക്കും. അവരെ ഒഴിവാക്കിക്കൊണ്ട് ഒരു അടച്ചമുറിയിലുള്ള അഭിമുഖം അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അതനുസരിച്ചാണ് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തത്. ജഗദീഷ് ഓർക്കുന്നു.
അദ്ദേഹത്തിന്റെ പേരിൽ ഒരാരോപണം ഉന്നയിക്കുമ്പോൾ പോലും രാഷ്ട്രീയ നേതാക്കൾക്കറിയാം അതിൽ സത്യമില്ല എന്നുള്ളത്. രാഷ്ട്രീയപരമായി ഉന്നയിക്കുന്ന ആരോപണങ്ങൾ പോലും ഇത്ര ആത്മവിശ്വാസത്തോടെ നേരിട്ട നേതാവ് വേറെയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവ് എന്ന് പറയുമ്പോൾ ഏറ്റവും തലയെടുപ്പുള്ള ഒരു പത്ത് നേതാക്കളിൽ ഉമ്മൻ ചാണ്ടി സാറും ഉണ്ടാകും.
സിനിമ എന്നല്ല, ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാൻ
അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ട്. അത് ഏത് വകുപ്പ് കൈകാര്യം ചെയ്യുമ്പോഴും ബാക്കിയുള്ള വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടി സാറിനെയാണ് എല്ലാവരും ആശ്രയിക്കുക. അത് മുഖ്യമന്ത്രി എന്നതിനപ്പുറമാണ്. ജനസമ്പർക്ക പരിപാടി വെളുപ്പിനെ നാല് മണിവരെ നീളാറുണ്ട്. ആ നാല് മണി കഴിഞ്ഞാൽ ആറ് മണിക്ക് അദ്ദേഹം തയ്യാറാണ്. നമ്മൾ കേട്ടിട്ടുണ്ട്, രാഷ്ട്രീയക്കാർ 3 മണിക്കൂറാണ് ഉറങ്ങുന്നത് എന്ന്. എന്നാൽ രണ്ട് മണിക്കൂർ ഉറങ്ങിയ ശേഷം അദ്ദേഹം വരും.
ഈ കാര്യങ്ങൾ ഞാൻ മറിയാമ്മയോട് ചോദിക്കാറുണ്ട് , ”കുഞ്ഞൂഞ്ഞിന് ഇഷ്ടമുള്ള രീതിയിൽ പോകട്ടെ” എന്നാണ് അവർ ഉത്തരം പറയുക. അത്തരത്തിൽ വീട്ടിൽ നിന്നുള്ള ഒരു പിന്തുണ അദ്ദേഹത്തിന് തുണയായിട്ടുണ്ട്. എല്ലാ രീതിയിലും അദ്ദേഹം ഒരു കൊടുമുടിയാണ്. അതേപോലെയൊന്നും ആർക്കുമാകാൻ കഴിയില്ല. 53 വർഷം രാഷ്ട്രീയത്തിൽ എന്ന് പറഞ്ഞാൽ നമുക്ക് ചിന്തിക്കാനാകുമോ? അതൊരു വേൾഡ് റെക്കോർഡാണെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് വെറുതേ കിട്ടുന്ന കാര്യവുമല്ല. ‘എ ഗ്രേറ്റ് ഹ്യൂമൻ ബീയിംഗ് ആൻഡ് എ ഗ്രേറ്റ് ലീഡർ’.